സമ്മോഹന്‍ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് സമാപനം

Update: 2025-09-29 13:49 GMT

തിരുവനന്തപുരം: പരിമിതികള്‍ക്കപ്പുറത്ത് കലാപ്രകടനം നടത്തി ആസ്വാദകരുടെ മനംകവര്‍ന്ന, ദേശീയ ഭിന്നശേഷി കലാമേള സമ്മോഹന്‍ 2025ന് സമാപനം. കിന്‍ഫ്ര ഫിലിം പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം അജയകുമാര്‍ (ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ആളുകളുടെ കഴിവുകള്‍ ആഘോഷിക്കുന്ന തരത്തിലുള്ള വേദിയാണ് സമ്മോഹനിലൂടെ ഒരുക്കി നല്‍കുന്നതെന്ന് അജയകുമാര്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ സ്ഥാപകനും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിച്ചു.

പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുന്നോറോളം ഭിന്നശേഷി കലാകാരന്മാരാണ് മേളയില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ ന്യൂറോഡൈവേഴ്‌സ് സംഗീത ബാന്‍ഡായ 'ചയനിത് ദ് ചോസണ്‍ വണ്‍' അവതരിപ്പിച്ച സംഗീതനിശ ആകര്‍ഷകമായി. പ്രത്യേകത നിറഞ്ഞ കലാപ്രകടനങ്ങള്‍ക്ക് സാക്ഷിയാകാന്‍ നഗരത്തിലെ സ്‌കൂളുകളില്‍നിന്നും കോളേജുകളില്‍നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് എത്തിയത്.

ചടങ്ങില്‍ സംവിധായകന്‍ പ്രജീഷ് സെന്‍, അരുണ്‍ ഗിന്നസ്, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷിക്കാരായ ഫാത്തിമ അന്‍ഷി, അനന്യ ബിജേഷ്, ആദിത്യ സുരേഷ്, ശങ്കര്‍ മെമ്മോറിയല്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളജിലെ അസ്സിസ്റ്റന്റ് പ്രൊഫസര്‍ ആര്യ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.#

Similar News