അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ശരീര സൗന്ദര്യ(ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യന്‍ഷിപ്പ് സംസ്‌കൃത സര്‍വ്വകലാശാലയില്‍ ആരംഭിച്ചു

Update: 2025-03-08 14:30 GMT

സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യന്‍ഷിപ്പ് (പുരുഷ വിഭാഗം) ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. സര്‍വ്വകലാശാലയുടെ കായിക പഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ 91 സര്‍വ്വകലാശാലകളില്‍ നിന്നായി 350 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. വൈകിട്ട് 5.30ന് സര്‍വ്വകലാശാല ആസ്ഥാനത്ത് നിന്നും കാലടി ടൗണ്‍ ചുറ്റി നടത്തിയ വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുമെത്തിയ മത്സരാര്‍ത്ഥികളും പരിശീലകരും ടീം മാനേജര്‍മാരും കായിക പഠന വിഭാഗം ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.

വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എം. സത്യന്‍, പ്രൊഫ. ലിസ്സി മാത്യു, ആര്‍. അജയന്‍, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്ട്, കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആര്‍., അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി. വി. പോളി, വിദ്യാര്‍ത്ഥി സേവന വിഭാഗം ഡയറക്ടര്‍ ഡോ. വി. കെ. ഭവാനി, ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍, കായിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ലൂക്കോസ് ജോര്‍ജ്ജ് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് വൈകിട്ട് ഏഴിന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ നടന്നു.

ഇന്ന് (മാര്‍ച്ച് എട്ട്) വൈകിട്ട് ആറിന് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് 7.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. റോജി എം. ജോണ്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് നിരീക്ഷകന്‍ ഡോ. ജോ ജോസഫ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യന്‍, അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, ആര്‍. അജയന്‍, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കാലിക്കറ്റ് സര്‍വ്വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ വി. പി., കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആര്‍. എന്നിവര്‍ പ്രസംഗിക്കും. നാളെ (മാര്‍ച്ച് ഒമ്പത്) വൈകിട്ട് ആറിന് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. രാത്രി എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനദാനം നിര്‍വ്വഹിക്കും.

ചാമ്പ്യന്‍ഷിപ്പില്‍ എട്ട് ശരീരഭാര വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. കൂടാതെ വിവിധ വിഭാഗങ്ങളില്‍ നിന്നും 'ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ്' ആയി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികളെ പ്രത്യേകമായി ആദരിക്കും. ഓവറോള്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.

Similar News