സംസ്‌കൃത സര്‍വ്വകലാശാലയില്‍ 'വിജ്ഞാന തൊഴില്‍ പദ്ധതി';ഉദ്ഘാടനം സെപ്തംബറില്‍

Update: 2025-08-06 11:44 GMT

പഠനത്തോടൊപ്പം ജോലി ഉറപ്പ് വരുത്തുന്ന രൂപത്തില്‍ വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ 'വിജ്ഞാന തൊഴില്‍ പദ്ധതി' ക്ക് രൂപം നല്‍കിയതായി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കാലടി മുഖ്യ ക്യാമ്പസിലും സര്‍വ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കിയിരിക്കുന്നത്. ഈ അധ്യയന വര്‍ഷം തന്നെ പദ്ധതിക്ക് തുടക്കം കുറിക്കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബറില്‍ നടക്കും.

വിവിധ തൊഴിലുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ നല്‍കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലുകളുമായുളള നൈപുണ്യ വിടവ് അതത് മേഖലകളിലെ അധ്യാപകരെയും തൊഴില്‍ ദാതാക്കളുടെയും സഹായത്തോടെ പരിശോധിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ പരിശീലനം, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം ഉള്‍പ്പെടെയുളള സോഫ്റ്റ് സ്‌കില്‍ പരിശീലനം നിര്‍ബന്ധമാക്കും. സി എസ് ആര്‍ ഫണ്ട് കണ്ടെത്തി, ഉയര്‍ന്ന സ്‌കില്‍ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കും. മൂന്ന് മാസത്തിനുളളില്‍ സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ പഠനം പൂര്‍ത്തിയാക്കിയ സോഫ്റ്റ് സ്‌കില്‍ കോഴ്‌സുകള്‍ ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതയ്ക്കനുസരിച്ച് കോഴ്‌സുകള്‍ നല്‍കും. ഡിസംബറില്‍ പ്ലേയ്‌സ്‌മെന്റ് ഡ്രൈവ് നടത്തും, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകലയുമായി സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണ നിര്‍വ്വഹണ സമുച്ചയത്തില്‍ നടത്തിയ യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, ആര്‍. അജയന്‍, ഡോ. വി. ലിസി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Similar News