ശങ്കരാചാര്യര്‍ ലോകം ദര്‍ശിച്ച കവിമനീഷിഃ പ്രൊഫ. എസ്. രംഗനാഥ്

Update: 2025-08-06 10:54 GMT

ലോകം ഇതുവരെ ദര്‍ശിച്ച കവിമനീഷിയാണ് ശ്രീശങ്കരാചാര്യര്‍. ശങ്കരാചാര്യര്‍ ലോകത്തിന് നല്‍കിയ കൃതികളും ആശയങ്ങളും ആധുനിക ലോകത്തിലെ ആശ്ചര്യങ്ങളാണെന്ന് ബാംഗ്ലൂര്‍ സര്‍വ്വകലാശാലയിലെ സംസ്‌കൃതം പ്രൊഫസര്‍ ഡോ. എസ്. രംഗനാഥ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ സംഘടിപ്പിച്ച ദ്വിദിന ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവാനന്ദലഹരി, സൗന്ദര്യലഹരി എന്നീ ഭക്തിഗ്രന്ഥങ്ങളിലും വേദാന്തപ്രകരണ ഗ്രന്ഥങ്ങളിലും കാണുന്ന കാവ്യമാധുരി മറ്റൊരു കൃതികളിലും കാണാന്‍ കഴിയില്ല, പ്രൊഫ. എസ്. രംഗനാഥ് പറഞ്ഞു.

ശ്രീശങ്കരാചാര്യരുടെ കൃതികളെ ആസ്പദമാക്കി സംഗീത വിഭാഗം സംഗീതസപര്യ അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. പശ്ചിമ ബംഗാള്‍ സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസര്‍ ഡോ. ലക്ഷ്മികാന്ത പതി പ്രത്യേക പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. ടി. മിനി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ്, ഡോ. കെ. വി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്‌മെന്റുകള്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

ഉച്ചകഴിഞ്ഞ് നടന്ന അക്കാദമിക് സെമിനാറില്‍ ഡോ. ലക്ഷ്മികാന്ത പതി അധ്യക്ഷനായിരുന്നു. ഡോ. വി. വാസുദേവന്‍, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. ശ്രീകല എം. നായര്‍, ഡോ. വസന്തകുമാരി, ഡോ. പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ജി. നാരായണന്‍, ഡോ. ആര്‍. ഡി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൈന്‍ ആര്‍ട്‌സ് വിഭാഗം നടത്തുന്ന പെയ്ന്റിംഗ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു. പെയിന്റിംഗ് വിഭാഗം തലവന്‍ ഡോ. ടി. ജി. ജ്യോതിലാല്‍ പങ്കെടുത്തു. സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗം ഒരുക്കിയ പുസ്തക പ്രദര്‍ശനവും നടന്നു.

ഇന്ന് (ഓഗസ്റ്റ് ആറിന്)രാവിലെ പത്തിന് ഡാന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് കണ്‍സേര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് രാവിലെ 11ന് നടക്കുന്ന വാക്യാര്‍ത്ഥ സദസില്‍ പ്രൊഫ. കെ. കെ. കൃഷ്ണകുമാര്‍ അധ്യക്ഷനായിരിക്കും. പ്രൊഫ. കെ. വി. വാസുദേവന്‍, പ്രൊഫ. ഇ. ആര്‍. നാരായണന്‍, ഡോ. ഇ. എന്‍. നാരായണന്‍, പ്രൊഫ. വി. പി. ഉദയകുമാര്‍, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. ജി. ജ്യോത്സന, ഡോ. കാര്‍ത്തിക് ശര്‍മ്മ, ഡോ. വി. രൂപ, വി. വി. മൃദുല എന്നിവര്‍ പങ്കെടുക്കും. ഡോ. കെ. എം. സംഗമേശന്‍, ഡോ. കെ. ഇ. ഗോപാലദേശികന്‍ എന്നിവര്‍ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു സമാപന സന്ദേശം നല്‍കി സമ്മാനങ്ങള്‍ വിതരണം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സത്യന്‍ അധ്യക്ഷനായിരിക്കും. ഡോ. കെ. വി. അജിത്കുമാര്‍, ഡോ. കെ. ആര്‍. അംബിക എന്നിവര്‍ പ്രസംഗിക്കും.

Similar News