മാതൃഭാഷാവാരാചരണ സമാപനവും ഡോ. പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്‌കാരസമര്‍പ്പണവും 14ന്

Update: 2025-11-13 14:04 GMT

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ഭരണഭാഷാവലോകനസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാതൃഭാഷാവാരാചരണ സമാപനവും ഡോ. പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്‌കാരസമര്‍പ്പണവും നവംബര്‍ 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാലടി മുഖ്യക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് അധ്യക്ഷനായിരിക്കും.

വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി ഈ വര്‍ഷത്തെ ഡോ. പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്‌കാരം നേടിയ ഗ്രന്ഥപ്പുരയുടെ സ്ഥാപകന്‍ ഷിജു അലക്‌സിന് പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന ഭരണഭാഷാപുരസ്‌കാരം ലഭിച്ച സുഖേഷ് കെ. ദിവാകര്‍, ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ലഭിച്ച ഡോ. ഇന്ദുലേഖ കെ.എസ്., ഭാഷാവലോകന സമിതി മുന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രേമന്‍ തറവട്ടത്ത് എന്നിവരെ ആദരിക്കും. ഡോ. ബിച്ചു എക്‌സ്. മലയില്‍, ഡോ. പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണപ്രഭാഷണം നിര്‍വ്വഹിക്കും.

മാതൃഭാഷാവാരാചരണ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. മിനി, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്, പുരസ്‌കാര ജേതാവ് ഷിജു അലക്‌സ്, ഡോ. സജിത കെ.ആര്‍., പി.ബി. സിന്ധു എന്നിവര്‍ പ്രസംഗിക്കും.

Similar News