അധ്യാപികയുടെ ആത്മഹത്യ; വിദ്യാഭ്യാസ വകുപ്പ് നടത്തിയ നരഹത്യ;സെറ്റ്‌കോ

Update: 2025-02-22 11:29 GMT

തിരുവനന്തപുരം: അഞ്ചു വര്‍ഷം ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോള്‍ കോടഞ്ചേരി സെയ്ന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ വളവനാനിക്കല്‍ അലീന ബെന്നി ആത്മഹത്യ ചെയ്യേണ്ടി വന്നതിനുത്തരവാദി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് കോണ്‍ഫെഡറേഷന്‍ (സെറ്റ്‌കോ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞു കൊണ്ട് നടത്തിയ നരഹത്യയാണിത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. എത്രയോ അധ്യാപകര്‍ അനുഭവിക്കുന്ന ജീവിതയാതനകളാണ് അലീന ബെന്നിയുടെ ജീവിത ദുരന്തത്തിലൂടെ വെളിവാകുന്നത്.

സാങ്കേതികത്വത്തില്‍ കുടുക്കി നിയമനാംഗീകാരം എങ്ങിനെ നല്കാതിരിക്കാം എന്ന ഗവേഷണത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ മാനേജ്‌മെന്റുകള്‍ക്കാണെങ്കില്‍ സേവനത്തിന് വേതനം അധ്യാപകര്‍ക്ക് ലഭ്യമാക്കുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. ആയിരക്കണക്കിന് അധ്യാപകരെ ജീവിതദുരിതത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷിയാവുമെന്നും സെറ്റ്‌കോ ചെയര്‍മാന്‍ കെ.ടി അബ്ദുല്‍ ലത്തീഫ്, കണ്‍വീനര്‍ പി.കെ അസീസ് എന്നിവര്‍ മുന്നറിയിപ്പു നല്കി.

Similar News