കാഴ്ചാ പരിമിതര്‍ക്ക് സ്മാര്‍ട്ട് വിഷന്‍ കണ്ണടകള്‍ വിതരണം ചെയ്തു

Update: 2025-01-06 11:06 GMT

കൊച്ചി : ബിപിസിഎല്ലിന്റെ സഹകരണത്തോടെ തെരഞ്ഞെടുത്ത നാല്‍പ്പത് പേര്‍ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് വിഷന്‍ കണ്ണടകള്‍ വിതരണം ചെയ്തു. കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് മുന്‍പിലുള്ള ദൃശ്യങ്ങള്‍ ശബ്ദ രൂപത്തില്‍ കാതുകളില്‍ എത്തിക്കുന്ന സ്മാര്‍ട്ട് വിഷന്‍ കണ്ണടകളുടെ വിതരണം നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കേരള, സക്ഷമ കേരള, ബിപിസിഎല്‍ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്.

നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാഴ്ച പരിമിതരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ക്ക് അമൃത തുടക്കം കുറിച്ചു. അമൃത ക്രിയേറ്റ് രൂപകല്‍പന ചെയ്ത എഐ അസിസ്റ്റഡ് ടെക്നോളജി ഫോര്‍ ബ്ലൈന്‍ഡിന്റെ ഉദ്ഘാടനം കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് നടന്നു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃത സ്വരൂപാനന്ദപുരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

ബാഹ്യലോകത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തവര്‍ അകക്കണ്ണിന്റെ ജ്ഞാനം കൊണ്ട് ലോകത്തെ അനുഭവിച്ചറിയുന്നവരാണെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഗോപിനാഥന്‍ പി എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഴ്ചാ പരിമിതി ഉള്ളവര്‍ക്ക് സമൂഹത്തിന്റെ സഹതാപമല്ല അനുകമ്പയാണ് ആവശ്യമെന്ന് ജസ്റ്റിസ്. പി എസ് ഗോപിനാഥന്‍ ചൂണ്ടിക്കാട്ടി. അമൃത സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ് അസോസിയേറ്റ് ഡീന്‍ ഡോ. പ്രേമ നെടുങ്ങാടി പദ്ധതി അവതരിപ്പിച്ചു.

കാഴ്ച പരിമിതിയുള്ള ആളുകള്‍ക്ക് ഉയര്‍ന്ന ചെലവ് വരുന്ന റെറ്റിനല്‍ മൈക്രോ ചിപ്പ്, സ്റ്റെം സെല്‍, ജീന്‍ തെറാപ്പി തുടങ്ങിയ ചികില്‍സ സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് അമൃത നടത്തിവരുന്നതെന്ന് അമൃത ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ് പിള്ള പറഞ്ഞു. പ്രശസ്ത സംഗീത സംവിധായകന്‍ ടിഎസ് രാധാകൃണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

അമൃത കോര്‍ണിയ വിഭാഗം മേധാവി ഡോ. അനില്‍ രാധാകൃഷ്ണന്‍, എന്‍എഫ് ബി കേരള ജനറല്‍ സെക്രട്ടറി സിസി കാശിമണി, എന്‍എഫ് ബി കേരള പ്രസിഡന്റ് സതീഷ്‌കുമാര്‍ ഇലഞ്ഞി, സോയ് ജോസഫ്, തണല്‍ പരിവാര്‍ സെക്രട്ടറി നാസര്‍ കെഎം, സക്ഷമ കേരള അംഗം കൃഷ്ണകുമാര്‍, എന്‍എഫ്ബി കേരള വനിതാ വൈസ് പ്രസിഡന്റ് സാലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ബ്രെയ്ലി ലിപി വായനാ മത്സരവും, സ്മാര്‍ട്ട് വിഷന്‍ കണ്ണടയുടെ പരിശീലനവും കൊച്ചി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ചിരുന്നു. വായനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു. എറണാകുളം ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ സിനോ രവി സമാപന ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിച്ചു.

Similar News