എയര്‍പോര്‍ട്ട് ഉപരോധം സോളിഡാരിറ്റി - എസ്.ഐ.ഒ സംസ്ഥാന നേതാക്കള്‍ക്ക് ജാമ്യം

Update: 2025-04-11 13:56 GMT

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപരോധം നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കള്‍ക്ക് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ അര്‍ഫദ് അലി. ഇ.എം, അസ്നഹ് താനൂര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം തുടങ്ങിയ രണ്ടു പേരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി.

വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച്ച സമാധാനപരമായി സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായാണ് നേരിട്ടത്. ലാത്തിചാര്‍ജും ജലപീരങ്കിയും കൂടാതെ പ്രവര്‍ത്തകര്‍ക്ക് നേരെ ടിയര്‍ ഗ്യാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. യാതൊരുവിധ മുന്നറിയിപ്പോ മുന്‍കരുതലോ ഇല്ലാതെ ആള്‍ക്കൂട്ടത്തിലേക്ക് പോലീസ് ഗ്രനേഡുകള്‍ ഉപയോഗിച്ചത് വലിയ രീതിയിലുള്ള സംഘര്‍ഷത്തിനു കാരണമായി. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമെതിരെയുള്ള പോലീസ് നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് പൊതു സമൂഹത്തില്‍ നിന്നുയരുന്നത്.

നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റുകയും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരികയും ചെയ്തു.വഖഫ് സമരം അതിശക്തമായി മുന്നോട്ട് കൊണ്ട് പോവുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സംഘപരിവാറിനെതിരെ നടത്തിയ ഒരു സമരത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള പോലീസിനു പൊള്ളുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ് പറഞ്ഞു.

Similar News