ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

Update: 2025-04-29 13:43 GMT

കൊച്ചി: സ്പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്സ്പോര്‍ട് ഡെവലപ്മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme for Organic Production-NPOP) ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജൈവ സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതിന് എന്‍പിഒപി മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. സ്പൈസസ് ബോര്‍ഡ് സെക്രട്ടറി പി. ഹേമലത ഐഎഎസ് ശില്‍പശാല ഉദ്ഘാടനം ചെയ്തു.

താങ്ങാവുന്ന ചെലവില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം, കര്‍ഷകരുടെ ലാഭം, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് ജൈവ കൃഷി ഉള്‍പ്പടെയുള്ള സുസ്ഥിര കൃഷിരീതികളുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച പി ഹേമലത ഐഎഎസ് പറഞ്ഞു. ഈ സാഹചര്യത്തില്‍, പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ജൈവ സുഗന്ധവ്യഞ്ജന ഉല്‍പാദനത്തിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്‍പിഒപിയുടെ എട്ടാം പതിപ്പ് നല്‍കുന്നു.ഈ ശില്‍പശാലയിലൂടെ സുസ്ഥിര കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള ധാരണയും പ്രതിബദ്ധതയും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.

അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്സ്പോര്‍ട് ഡെവലപ്മെന്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ഡോ. ശാശ്വതി ബോസ്, സ്പൈസസ് ബോര്‍ഡ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ബി എന്‍ ഝാ, സ്പൈസസ് ബോര്‍ഡ് ഡയറക്ടര്‍ (ഡവലപ്മെന്റ്) ധര്‍മ്മേന്ദ്ര ദാസ്, സ്പൈസസ് ബോര്‍ഡ് മുന്‍ ഡയറക്ടറും എന്പിഒപി ലീഡ് ഓഡിറ്ററുമായ ഡോ. ജോജി മാത്യു എന്നിവര്‍ സംസാരിച്ചു.

വിവിധ സെഷനുകളിലായി ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍, പുതുക്കിയ എന്‍പിഒപി മാനദണ്ഡങ്ങള്‍, വിപണിയിലെ പ്രവണതകള്‍, പ്രായോഗിക വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള പ്രസന്റേഷനുകള്‍ നടന്നു.

ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയുടെ എട്ടാം എഡിഷനെക്കുറിച്ച് ഡോ. ശാശ്വതി ബോസ് വിശദീകരിച്ചു. സ്‌പൈസസ് ബോര്‍ഡിന്റെ മുന്‍ ഡയറക്ടറും എന്‍പിഒപി ലീഡ് ഓഡിറ്ററുമായ ഡോ. ജോജി മാത്യുവിന്റെ നേതൃത്വത്തില്‍ ചോദ്യോത്തര സെഷന്‍ നടന്നു. ഓര്‍ഗാനിക് സുഗന്ധവ്യഞ്ജനങ്ങളുടെ സാധ്യതകള്‍, ആഗോള ആവശ്യകത, നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് ബയോവിന്‍ അഗ്രോ റിസര്‍ച്ചിന്റെ ബിസിനസ് ഹെഡ് തേജസ് തയ്യില്‍, ജീവഗ്രാമം പ്രസിഡന്റും സിഇഒയുമായ ജോണി വടക്കുംചേരി എന്നിവര്‍ സംസാരിച്ചു.


Similar News