കൊച്ചിയില്‍ രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാര്‍ഷിക സമ്മേളനവും സുഗന്ധവ്യഞ്ജന പ്രദര്‍ശനവും

Update: 2025-10-27 13:41 GMT

കൊച്ചി: ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ സ്ഥിരാംഗങ്ങളും പാപ്പുവ ന്യൂഗിനിയ, ഫിലിപ്പീന്‍സ് എന്നീ അസ്സോസിയേറ്റ് രാജ്യങ്ങളും ഉള്‍പ്പെടുന്ന രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ (ഐപിസി) 53-ാമത് വാര്‍ഷിക സമ്മേളനം ഇന്നും നാളെയും കൊച്ചി ലെ മെറിഡിയനില്‍ നടക്കും. സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

നവീകരണം, തുല്യത, പ്രാദേശിക പ്രതിരോധശേഷി എന്നിവ ഉറപ്പുവരുത്തി കുരുമുളക് വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. ആധുനിക കാലഘട്ടത്തിനനുസരിച്ച് ആഗോള സുഗന്ധവ്യഞ്ജന വ്യാപാര മാര്‍ഗങ്ങള്‍ പുനക്രമീകരിക്കാനും പ്രാദേശിക സഹകരണം, നവീന സമ്പ്രദായങ്ങള്‍, തുല്യമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കാനും സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ, കുരുമുളക് ഉള്‍പ്പടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ ടെക്‌നിക്കല്‍ സെഷനുകള്‍, പ്രദര്‍ശനങ്ങള്‍, സംവാദ സദസുകള്‍ എന്നിവ സംഘടിപ്പിക്കും. വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടനത്തിനു പുറമെ 'ഐപിസി ബെസ്റ്റ് അവാര്‍ഡ് 2024' പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും.

കേന്ദ്ര വാണിജ്യമന്ത്രാലയവും ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയും സ്പൈസസ് ബോര്‍ഡും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഐപിസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മറീന എന്‍ അംഗ്രയ്നി, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി പി ഹേമലത എന്നിവര്‍ക്കു പുറമെ, പ്രധാന കുരുമുളക് ഉല്‍പാദന രാജ്യങ്ങളിലെ പ്രതിനിധികള്‍, സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍, സംസ്‌കരണ വിദഗ്ധര്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യാപാര സംഘടനകള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

Similar News