ഭീമമായ ഫീസ് ഏര്‍പ്പെടുത്തി സാധാരണക്കാരെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറന്തള്ളുന്ന നാലുവര്‍ഷബിരുദ പരിപാടി പിന്‍വലിക്കുക - ഡോ. എസ്. അലീന

Update: 2024-10-23 14:02 GMT

തിരുവനന്തപുരം : പ്രാഥമിക വിദ്യാഭ്യാസരംഗം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെ തകര്‍ക്കുവാനാണ് S2020 കേന്ദ്ര ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത്. കേന്ദ്രം നിര്‍ദേശിച്ച നയം അതേപടി കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നാലുവര്‍ഷം ബിരുദ പരിപാടി ഈ അധ്യായന വര്‍ഷം കേരളത്തില്‍ നടപ്പിലാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന ഈ പദ്ധതി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഈ മേഖലയിലേക്ക് കടന്നുവരുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ഇത് പിന്‍വലിക്കണമെന്ന് എഐഡിഎസ്ഒ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി ശക്തി സംസ്ഥാന ജാഥയ്ക്ക് കഴക്കൂട്ടത്ത് നടന്ന ഇന്നത്തെ സമാപന സ്വീകരണ യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ഡോ. എസ്. അലീന പറഞ്ഞു.

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ നാലുവര്‍ഷം ബിരുദ പ്രവേശനത്തിന് ഭീമമായ ഫീസ് ഏര്‍പ്പെടുത്തിയതും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പരീക്ഷ അനുബന്ധ ആവശ്യങ്ങള്‍ക്കായുള്ള ഫീസ് വര്‍ദ്ധിപ്പിച്ചതും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍ദ്ദേശമായ നാലുവര്‍ഷ ബിരുദം പരിപാടിയുടെ ആരംഭത്തില്‍ മാത്രം സംഭവിച്ച പ്രത്യാഘാതങ്ങളാണ്. ഇത്തരത്തില്‍ ഒരു പദ്ധതി കൊണ്ടുവന്നതിലൂടെ പിണറായി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് സേവ വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച ജാഥ യൂണിവേഴ്‌സിറ്റി കോളേജ്, കേശവദാസപുരം, സിഇടി, ശ്രീകാര്യം, കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളില്‍ നിന്ന് സ്വീകരണമേറ്റുവാങ്ങി കഴക്കൂട്ടത്ത് സമാപിച്ചു.

സംസ്ഥാന നേതാക്കളായ അഡ്വക്കേറ്റ് ആര്‍ അപര്‍ണ, എമില്‍ ബി എസ്, അജിത് മാത്യു , നിലീന മോഹന്‍കുമാര്‍, മീനാക്ഷി ആര്‍, ഗോവിന്ദ് ശശി, ജതിന്‍ ആര്‍, സാം പോള്‍ രാജു, സഞ്ജയ് കെ എസ് എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ സിദ്ധാര്‍ത്ഥന്‍ ബി., സഞ്ജയ് എച്ച്, കെ. എന്നിവര്‍ ഇന്നത്തെ പര്യടനത്തിന് നേതൃത്വം നല്‍കി.

ജാഥയുടെ മൂന്നാം ദിനമായ നാളെ കൊല്ലം ചന്തമുക്ക് നിന്നും ആരംഭിച്ച് പുനലൂര്‍ മാര്‍ക്കറ്റ് , കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കുണ്ടറ, കരിക്കോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News