യു എ പി എ വിരുദ്ധ സമരങ്ങള്‍ക്കെതിരെ കേരള പോലീസ് കേസെടുക്കുന്നത് സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താന്‍ - സുരേന്ദ്രന്‍ കരിപ്പുഴ
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ അന്യായ തടങ്കലില്‍ കഴിയുന്ന മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ റിജാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ.
പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദിനെതിരെയും കേസ് എടുത്തിട്ടുണ്ട്. സിദ്ദീഖ് കാപ്പന്‍ അടക്കം പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. നേരത്തെ അറിയിപ്പ് നല്‍കിയും പ്രചരണം നല്‍കിയും കോര്‍പ്പറേഷന്റെ വകയായ വഞ്ചി സ്‌ക്വയറില്‍ വാടക കൊടുത്ത് ബുക്ക് ചെയ്താണ് പരിപാടി സംഘടിപ്പിച്ചത്. പ്രഭാഷകരുടെ വിവരങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മറ്റ് മാധ്യമങ്ങളിലൂടെയും സംഘാടകര്‍ അറിയിക്കുകയും ചെയ്തതാണ്.
ഭരണകൂടത്തിന്റെ അനീതിയെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും വിചാരണ ചെയ്യുന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ എഫ് ഐ ആര്‍ എഴുതുന്നത് സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താനാണ്. എറണാകുളത്ത് ഇന്നലെയെടുത്ത കേസ് പിന്‍വലിക്കണം. യു എ പി എ വിഷയത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.