ഐ.ടി മേഖലയിലെ ജീവനക്കാരുടെ മാനസികാരോഗ്യവും തൊഴില്‍പ്രശ്‌നങ്ങളും' - ടെക്നോപാര്‍ക്കില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ടെക്‌നോപാര്‍ക്ക് : ഐ.ടി മേഖലയിലെ ജീവനക്കാരുടെ 'മാനസികാരോഗ്യവും തൊഴില്‍പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന -പ്രതിധ്വനിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു . പൂനെയില്‍ ജോലി ചെയ്തിരുന്ന ഇ .വൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണവും, അന്നയുടെ 'അമ്മ ഇ വൈ ചെയര്‍മാന് എഴുതിയ കത്തും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമായിരുന്നു സെമിനാറിന്റെ പശ്ചാത്തലം. പ്രതിധ്വനി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ രാജീവ് കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍, ഡോ. കെ വാസുകി ഐ.എ.എസ് (ലേബര്‍ സെക്രട്ടറി, കേരളം), ശ്രീ അനൂപ് അംബിക (കേരള സ്റ്റാര്‍ട്ട് അപ്പ് -സി.ഇ.ഒ ) തുടങ്ങിയവര്‍ പങ്കെടുത്തു. അന്ന സെബാസ്റ്റ്യന്‍ പേരയിലിനു അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. അനുശോചന സന്ദേശം സുജിത എസ് അവതരിപ്പിച്ചു.
തൊഴില്‍ നിയമങ്ങള്‍ സംബന്ധിയായ കൂടുതല്‍ പരിപാടികളിലൂടെ തൊഴില്‍ ചൂഷണങ്ങള്‍ക്ക് എതിരായ അവബോധം സൃഷ്ടിക്കാമെന്നും , അതിനായി തൊഴില്‍ വകുപ്പിന്റെ മുഴുവന്‍ പിന്തുണയും ഐ ടി ജീവനക്കാര്‍ക്ക് ഉണ്ടാകുമെന്നും ഡോ വാസുകി ഐ.എ.എസ്. പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ തൊഴിലിടത്തിലോ അല്ലാതെയോ ഉള്ള അധിക്ഷേപം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നും അതിനു സ്ത്രീകള്‍ തന്നെ മുന്നോട്ടു വരണം എന്നും ഡോ വാസുകി അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നല്‍കുന്നതിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കാമെന്നും, അതുവഴി പുതിയ തൊഴില്‍ സംസ്‌കാരത്തിന് തുടക്കമാവും എന്നും പ്രതിധ്വനിയുടെ ഈ സെമിനാര്‍ ഒരു തുടക്കമാകട്ടെ എന്നും ശ്രീ അനൂപ് അംബിക അഭിപ്രായപ്പെട്ടു.
സെമിനാറില്‍ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.ഐ.ടി മേഖലയിലെ തൊഴില്‍ നിയമങ്ങള്‍, തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍,നീണ്ട തൊഴില്‍ സമയം, തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍, സ്ത്രീസുരക്ഷാ നിയമസാധ്യതകള്‍ , തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഐ.ടി മേഖലയിലെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളും തൊഴില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായ സര്‍വ്വേ നടത്തുന്നതിനും പഠിക്കുന്നതിനും പ്രതിധ്വനി ഐ .ടി ജീവനക്കാരുടെ കമ്മിറ്റി രൂപീകരിച്ചു, അതിന്റെ കണ്‍വീനര്‍ ആയി നിതീഷ് മാധവനെ ചുമതലപ്പെടുത്തി.
തുടര്‍ന്ന് ഐടി മേഖലയെ, മികച്ച തൊഴില്‍ സാഹചര്യങ്ങളിലേക്ക് ഉയര്‍ത്തുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ടെക്‌നോപാര്‍ക്ക് പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍ അവതരിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഡോ മനസുഖ് മാണ്ഡവ്യക്കും സമര്‍പ്പിച്ചു. നിര്‍ദ്ദേശങ്ങളുടെ കോപ്പി ലേബര്‍ സെക്രട്ടറി ഡോ കെ വാസുകി ക്കും നല്‍കി.
ലേബര്‍ നിയമങ്ങള്‍ ശക്തമാക്കുക, പരാതി പരിഹാര സെല്‍ (ഗ്രീവന്‍സെല്‍) രൂപീകരിക്കുക, തൊഴില്‍ സാഹചര്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഹോട്ട്‌ലൈന്‍ സംവിധാനം, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത മാനസിക ആരോഗ്യ ട്രെയിനിങ് കമ്പനികള്‍ നല്‍കുക, കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ മാനസിക ആരോഗ്യ കവറേജ്, തൊഴിലിടം മികവുറ്റതാക്കാന്‍ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 ലെ നിര്‍ദ്ദേശങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക, ജീവനക്കാരുടെ മാനസിക ആരോഗ്യം കമ്പനികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുക,. ജീവനക്കാരുടെ ഓവര്‍ ടൈം ഓഡിറ്റ് ചെയ്യുക, അത് കണക്കാക്കി നിര്‍ബന്ധിത ലീവോ കോംപന്‍സേഷനോ അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് പ്രതിധ്വനി മുന്നോട്ടു വച്ചത്.ചടങ്ങിന് പ്രതിധ്വനി ടെക്‌നോപാര്‍ക്ക് ട്രഷറര്‍ രാഹുല്‍ ചന്ദ്രന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് പ്രശാന്തി പി എസ് നന്ദിയും അറിയിച്ചു .