ടൂര്‍ണ്ണമെന്റിലെ രണ്ടാം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായി അബ്ദുള്‍ ബാസിദ്

Update: 2024-09-09 12:30 GMT

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തില്‍ ടീമിന് വീണ്ടും തുണയായി അബ്ദുള്‍ ബാസിദ്. ആദ്യ മത്സരത്തില്‍ പന്ത് കൊണ്ടെങ്കില്‍ രണ്ടാം വിജയത്തില്‍ അത് ബാറ്റ് കൊണ്ടായിരുന്നു ബാസിദ് ടീമിന് വിജയമൊരുക്കിയത്. കാലിക്കറ്റിനെതിരെ അബ്ദുള്‍ ബാസിദ് ക്രീസിലെത്തുമ്പോള്‍ ഏത് രീതിയില്‍ വേണമെങ്കില്‍ മാറിമറിയാവുന്ന വിധമായിരുന്നു മത്സരം. എട്ടോവര്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 62 റണ്‍സ്. വിക്കറ്റുകള്‍ കയ്യിലുണ്ടെങ്കിലും മുന്നിലുള്ള ലക്ഷ്യം അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ബാസിദ് കളിയുടെ ഗതി മാറ്റി.

സിംഗിളുകള്‍ എടുത്ത് ഇന്നിങ്‌സ് തുടങ്ങുമ്പോള്‍ മറുവശത്ത് രണ്ട് വിക്കറ്റുകള്‍ കൂടി വീണു. ഗോവിന്ദ് പൈയും ഷാരോണും മടങ്ങിയതോടെ അഞ്ചിന് 91 റണ്‍സെന്ന നിലയില്‍ കൂടുതല്‍ പരുങ്ങലിലായി റോയല്‍സ്. എന്നാല്‍ പിന്നീട് കണ്ട് മത്സരം ഒറ്റയ്ക്ക് ചുമലിലേറ്റുന്ന ബാസിദിനെയാണ്. അഭിജിത് പ്രവീണ്‍ എറിഞ്ഞ 15ആം ഓവറില്‍ ബാസിദിന്റെ ആദ്യ ഫോര്‍. അഭിജിത് തന്നെയെറിഞ്ഞ 17ആം ഓവറില്‍ തുടരെ ഒരു സിക്‌സും ഫോറും. നിഖില്‍ എറിഞ്ഞ അടുത്ത ഓവറിലാകട്ടെ അതിര്‍ത്തി കടന്ന് പറന്നത് നാല് സിക്‌സറുകള്‍. ഒരു ഘട്ടത്തില്‍ അപ്രാപ്യമോ എന്ന് തോന്നിച്ച വിജയമാണ് 11 പന്ത് ബാക്കി നില്‌ക്കെ റോയല്‍സ് സ്വന്തമാക്കിയത്.

22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമായി പുറത്താകാതെ 50 റണ്‍സാണ് അബ്ദുള്‍ ബാസിദ് നേടിയത്.നേരത്തെ ബൗളിങ്ങിലും ബാസിദ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഒരേ സമയം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഫോമിലേക്ക് ഉയരാനുള്ള മികവാണ് ബാസിദിനെ ശ്രദ്ധേയനാക്കുന്നത്. നേരത്തെ കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം എന്ന നേട്ടം ബാസിദിനെ തേടിയെത്തിയിരുന്നു. കൊച്ചിക്ക് എതിരെയുള്ള ആ മത്സരത്തില്‍ 45 റണ്‍സും നേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ബാസിദ് സ്വന്തമാക്കിയിരുന്നു. കാലിക്കറ്റിനെതിരെയും കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത് ബാസിദ് തന്നെ.

കേരളത്തിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലുള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള അബ്ദുള്‍ ബാസിദ് നെട്ടൂര്‍ സ്വദേശിയാണ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് ബാസിദ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ ടൂര്‍ണ്ണമെന്റിന്റെ വിധി നിശ്ചയിക്കുന്ന പ്രധാന താരങ്ങളില്‍ ഒരാള്‍ അബ്ദുള്‍ ബാസിദ് തന്നെയായിരിക്കും.

Tags:    

Similar News