കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാള്‍: ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കണം

Update: 2025-01-09 10:23 GMT

കുറവിലങ്ങാട്:- കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് ഫെബ്രുവരി 10 മുതല്‍ 12 വരെ തീയതികളില്‍ ആപ്പാഞ്ചിറ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്‌സ് ഫോറം കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്,ക്ഷീര,മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍,ഫ്രാന്‍സിസ് ജോര്‍ജ്ജ് എം പി, മോന്‍സ് ജോസഫ് എം എല്‍ എ എന്നിവര്‍ക്കും റെയില്‍വേ ഉന്നതാധികാരികള്‍ക്കും നിവേദനം സമര്‍പ്പിച്ചു.

ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിന്റെയും കപ്പല്‍പ്രദക്ഷിണത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേരുന്ന തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ 16302/01 തിരുവനന്തപുരം- ഷൊറണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്സ്, 16303/04എറണാകുളം തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്സ്,16449/50 നാഗര്‍കോവില്‍- മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്,16309/10 എറണാകുളം- കായംകുളം-എറണാകുളം മെമു എക്‌സ്പ്രസ്സ് എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. ആപ്പാഞ്ചിറയില്‍ എത്തുന്നതോടെ തീര്‍ത്ഥാടകര്‍ക്ക് വളരെ എളുപ്പത്തില്‍ പാലാ ബസില്‍ കുറവിലങ്ങാട് എത്തിച്ചേരാന്‍ സാധിക്കും.

Similar News