ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്‌ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍' വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ -2025

Update: 2025-01-21 12:03 GMT

കൊച്ചി: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. 'റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്‌ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ ഫോര്‍ എ സസ്റ്റെയിനബിള്‍ ഫ്യൂച്ചര്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികള്‍/ ഉത്പന്നങ്ങള്‍ ഒരുക്കേണ്ടത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 23 ന് മുമ്പ് സൃഷ്ടികള്‍ സമര്‍പ്പിക്കണം.

ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, തെരഞ്ഞെടുക്കുന്ന നവീന കലാസൃഷ്ടികള്‍ ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 നടക്കുന്നത്.

സുസ്ഥിരത, നവീനത, പാരിസ്ഥിക അവബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാകണം സൃഷ്ടികള്‍. കോളജ്തലത്തിലുള്ള മത്സരത്തില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും സ്‌കൂള്‍തലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും പങ്കെടുക്കാം. ഓരോ ടീമിലും മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ഒരു ഫാക്കല്‍റ്റി അംഗവും ഉണ്ടായിരിക്കണം.

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നൂതന ഉത്പന്നങ്ങളോ മികച്ച കലാസൃഷ്ടികളോ നിര്‍മ്മിക്കുവാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ വേദിയാണിത്.

ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടുക, സുസ്ഥിര വികസനം ഉറപ്പാക്കുക, സര്‍ക്കുലര്‍ ഇക്കണോമി ആശയം പ്രചരിപ്പിക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, ലീഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്സ്പോ, ടെക് എക്സ്പോ,സ്റ്റുഡന്റ് ബിനാലെ, ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് മാര്‍ക്കറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്-70340 44141/ 70340 44 242. വെബ്‌സൈറ്റ്- https://futuresummit.in/trash2treasure/

Similar News