അണ്ടര്‍ വാട്ടര്‍ അക്വാ ടണലില്‍ പൂരം പോലെ പുരുഷാരം;ഓണത്തിരക്ക് പ്രമാണിച്ച് പ്രദര്‍ശന സമയം നീട്ടി

Update: 2024-09-14 16:10 GMT

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന അണ്ടര്‍ വാട്ടര്‍ അക്വാ ടണലില്‍ കടല്‍ക്കാഴ്ചകള്‍ കാണാനായി പൂരം പോലെ പുരുഷാരം. തിരുവനന്തപുരത്തിന് പുറമേ സമീപ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ആയിരങ്ങളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഓണത്തിരക്ക് പ്രമാണിച്ച് പ്രദര്‍ശന സമയം നാലുമണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി 11 വരെയാണ് നീട്ടിയത്.

മറൈന്‍ മിറാക്കിള്‍സ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് നഗരത്തിന് വ്യത്യസ്ത കൗതുകക്കാഴ്ചകള്‍ സമ്മാനിക്കുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും ഒരുക്കിയിരിക്കുന്നത്.

ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞാണ് കുട്ടികളും കുടുംബങ്ങളും പ്രദര്‍ശന നഗരി വിടുന്നത്. പ്രായവ്യത്യാസമില്ലാതെ കാണികള്‍ കടലിന്റെ അടിത്തട്ടിലൂടെ നടന്നുല്ലസിക്കുകയാണ്. തലയ്ക്ക് മുകളില്‍ കൂറ്റന്‍ സ്രാവുകള്‍ മുതല്‍ വര്‍ണമല്‍സ്യങ്ങള്‍ വരെയുള്ള കടല്‍ ജീവികളാണ് അക്വാ ടണലിലെ വിസ്മയ കാഴ്ച. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്.

തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ സര്‍ക്കാര്‍ ഒരുക്കുന്ന ഓണം വാരാഘോഷമില്ലാത്തതിനാല്‍ കുടുംബങ്ങള്‍ ആനയറ വേള്‍ഡ് മാര്‍ക്കറ്റിലേക്കാണ് എത്തുന്നത്. ആഴക്കടലിന്റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റന്‍ തിമിംഗലങ്ങളും സ്രാവുകളും മുതല്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണമത്സ്യങ്ങള്‍ വരെ ഈ അക്വേറിയത്തിലുണ്ട്. വമ്പന്‍ മുതല്‍ മുടക്കില്‍ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകള്‍ ഒക്ടോബര്‍ രണ്ടുവരെ തുടരും.

കടലിനടിയിലെ കാഴ്ചകള്‍ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പെറ്റ് ഷോയിലേക്കാണ്. ഇവിടെ ഉരഗ വര്‍ഗത്തില്‍പ്പെട്ട ഇഗ്വാനകളെ തോളിലേറ്റാം, വര്‍ണത്തത്തകളെ ഓമനിക്കാം, അപൂര്‍വയിനം പാമ്പുകളെ കഴുത്തില്‍ ചുറ്റാം. ജീവലോകത്തിലെ അപൂര്‍വകാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്ന പെറ്റ് ഷോയാണ് ഈ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്.

പറക്കുന്ന അണ്ണാന്‍ എന്നറിയപ്പെടുന്ന ഷുഗര്‍ ഗ്ലൈഡര്‍, രോമങ്ങള്‍ക്ക് പകരം മുള്ളുകള്‍ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരഗ വര്‍ഗത്തില്‍പ്പെട്ട ഇഗ്വാനകള്‍, മനുഷ്യനുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്റെ ഇനത്തില്‍പ്പെട്ട ബാള്‍ പൈത്തണ്‍, അപൂര്‍വ ജീവിയായ ഗോള്‍ഡന്‍ നീ ടെറാന്റുല, അപൂര്‍വ ഇനം തത്തകള്‍,വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങള്‍, കെയ്ക്ക് ബേര്‍ഡ്, അരോണ സ്വര്‍ണമത്സ്യങ്ങള്‍, മാംസഭക്ഷണം ശീലമാക്കിയ അല്‍ ബിനോ പിരാനാ മത്സ്യങ്ങള്‍ തുടങ്ങിയവ പെറ്റ് ഷോയിലുണ്ട്.

പ്രദര്‍ശന നഗരിയിലെ സെല്‍ഫി പോയിന്റുകളാണ് മറ്റൊരു ആകര്‍ഷണം. ഈ പോയിന്റുകളില്‍ നിന്ന് അരുമപ്പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമൊപ്പം ചിത്രമെടുക്കാന്‍ അവസരവുമുണ്ട്.

Tags:    

Similar News