യു എസ് ടി കൊച്ചിയില്‍ സ്വന്തം കാമ്പസ് നിര്‍മ്മിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; സ്വന്തം കാമ്പസിന് ശിലാസ്ഥാപനം നടത്തി

Update: 2024-09-30 10:27 GMT

കൊച്ചി, സെപ്റ്റംബര്‍ 30, 2024: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ കൊച്ചി കേന്ദ്രത്തില്‍ 3000-ലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ തങ്ങളുടെ സ്വന്തം ക്യാമ്പസ് 2027 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണ് പുതിയ തൊഴിലവസരങ്ങള്‍ സാധ്യമാക്കുക. കമ്പനിയുടെ പുതിയ കൊച്ചി കാമ്പസിനായുള്ള ശിലാസ്ഥാപനം യു എസ് ടി യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര നിര്‍വഹിച്ചു. പുതിയ കൊച്ചി കാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 6,000 ആയി ഉയര്‍ത്തുക എന്നതാണ് യു എസ് ടി യുടെ ലക്ഷ്യം. നിലവില്‍ കമ്പനിയുടെ ഇന്‍ഫോപാര്‍ക്ക് ഓഫീസില്‍ 2,800-ലധികം ജീവനക്കാരാണ് ഉള്ളത്.

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍, വിശാലമായ 9 ഏക്കര്‍ സ്ഥലത്താണ് യു എസ് ടി യുടെ പുതിയ കാമ്പസ് ഉയരുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്രയ്ക്കു പുറമെ ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുരുന്തില്‍, യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലക്സാണ്ടര്‍ വര്‍ഗീസ്, യു എസ് ടി കൊച്ചി കേന്ദ്രം മേധാവിയും ചീഫ് വാല്യൂസ് ഓഫീസറുമായ സുനില്‍ ബാലകൃഷ്ണന്‍, യു എസ് ടി കാമ്പസ് ഡെവലപ്‌മെന്റ്റ് ടീം വൈസ് പ്രസിഡന്റ്റ് അനില്‍ പിള്ള, യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോന്‍, യു എസ് ടി ബിസിനസ് ഓപ്പറേഷന്‍സ് ആന്‍ഡ് വര്‍ക്ക്‌ഫോഴ്സ് മാനേജ്മെന്റ് ജനറല്‍ മാനേജര്‍ ഷെഫി അന്‍വര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ കാമ്പസ് പത്തു നിലകളുള്ള കെട്ടിടം ഉള്‍പ്പെടുന്നതായിരിക്കും. ആറു ലക്ഷം ചതുരശ്ര അടി വ്യാപിക്കുന്ന കെട്ടിടത്തില്‍ 4400 ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനു പുറമെ, ജീവനക്കാര്‍ക്കായി ജിം, 1400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജീകരിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാമ്പസ് കെട്ടിടത്തില്‍ ഹരിത ഊര്‍ജ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തും. കൊച്ചി കാമ്പസ് പ്രവര്‍ത്ത സജ്ജമാകുമ്പോള്‍ തിരുവനന്തപുരത്തിന് ശേഷം യു എസ് ടി യുടെ ഇന്ത്യയിലെത്തന്നെ രണ്ടാമത്തെ സ്വന്തം കാമ്പസാകും.

നിലവില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന യു എസ് ടിയുടെ ഉപഭോക്തൃ കമ്പനികള്‍, യു എസ്, യു കെ, അപാക്ക് എന്നിവിടങ്ങളിലെ ആരോഗ്യ പരിരക്ഷ, റീറ്റെയ്ല്‍, സാമ്പത്തിക സേവനങ്ങള്‍ / അസറ്റ് മാനേജ്മെന്റ്, ഹൈടെക്ക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കൊച്ചിയിലെ ഞങ്ങളുടെ പുതിയ കാമ്പസ് ഈ മേഖലയിലെ യു എസ് ടി യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ ഉപഭോക്തൃ സ്ഥാപനങ്ങളെയും കൂടുതല്‍ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക വഴി പുതു സാങ്കേതിക വിദ്യയുടെ മികവുറ്റ കേന്ദ്രമാക്കി കൊച്ചിയെ മാറ്റുകയും ചെയ്യുമെന്ന് യു എസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.

ഇന്‍ഫോപാര്‍ക്കില്‍ പുതിയ കാമ്പസിനു രൂപം നല്‍കുന്ന യു എസ് ടിക്ക് ഞാന്‍ അഭിനന്ദനനവും അനുമോദനവും അര്‍പ്പിക്കുന്നു. നവയുഗ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ ഒരു കാമ്പസ് കെട്ടിപ്പടുക്കുന്നതിനായുള്ള യു എസ് ടിയുടെ പ്രയത്‌നങ്ങള്‍ ശ്ലാഘനീയമാണ്. ഇത് മൂലമുണ്ടാകാന്‍ പോകുന്ന ഗുണങ്ങള്‍ ഏറെയെയാണ്,' ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുരുന്തില്‍ അഭിപ്രായപ്പെട്ടു.

'2007 ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യു എസ് ടിയ്ക്ക് മികവുറ്റ ഉന്നമനമാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയില്‍ സ്ഥാനമുറപ്പിക്കുക വഴി ദക്ഷിണേന്ത്യയിലെ മറ്റ് ഐ ടി മേഖലകളുമായി ബന്ധം സ്ഥാപിക്കാനും അവയുമായി സഹകരിക്കാനും കമ്പനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കൊച്ചിയുടെ വികസനം മൂലം യു എസ് ടിയ്ക്ക് മറ്റു മേഖലകളില്‍ നിന്നും മികച്ച ജീവനക്കാരെ ലഭിക്കുന്നുണ്ട്. കൊച്ചിയിലെ പുതിയ കാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടു കൂടി ഉപഭോക്താക്കളും തൊഴിലവസരങ്ങളും വര്‍ധിക്കും,' കാലാനുസൃതമായ സാങ്കേതിക മികവോടെ നിര്‍മ്മിക്കപ്പെടുന്ന യു എസ് ടിയുടെ പുതിയ കാമ്പസിനെക്കുറിച്ച് യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.

കേരളത്തിലെ വ്യാവസായിക ആസ്ഥാനമായി മാറിക്കഴിഞ്ഞ കൊച്ചിയില്‍ ഇന്ന് മികച്ച അടിസ്ഥാന സൗകര്യങ്ങളും കഴിവുറ്റ ജീവനക്കാരും നല്ലൊരു ബിസിനസ് അന്തരീക്ഷവുമുണ്ട്. കൊച്ചിയില്‍ സ്വന്തമായി കാമ്പസ് എന്ന ലക്ഷ്യം കോവിഡ് -19 മഹാമാരിയ്ക്കു മുമ്പേ തന്നെ യു എസ് ടി പ്രാവര്‍ത്തികമാക്കുകയും നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കുള്ള തുടക്കമിടുകയും ചെയ്തിരുന്നു.

പുതിയ കാമ്പസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ സന്തോഷം പ്രകടിപ്പിച്ച യു എസ് ടി കൊച്ചി കേന്ദ്രം മേധാവിയും ചീഫ് വാല്യൂസ് ഓഫീസറുമായ സുനില്‍ ബാലകൃഷ്ണന്റെ അഭിപ്രായത്തില്‍, നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും അവയെല്ലാം താണ്ടിയാണ് പുതിയ കാമ്പസ് ഉയരുന്നത്. യു എസ് ടി കാമ്പസ് ഡെവലപ്‌മെന്റ്‌റ് ടീം വൈസ് പ്രസിഡന്റ്‌റ് അനില്‍ പിള്ള ചടങ്ങില്‍ പുതിയ കാമ്പസിന്റെ മാതൃക അനാവരണം ചെയ്തു. 1999 ല്‍ തിരുവനന്തപുരത്ത് തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച യു എസ് ടി യ്ക്ക് ഇന്ന് ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു, പൂന, ചെന്നൈ, കോയമ്പത്തൂര്‍, ദല്‍ഹി എന്‍ സി ആര്‍, അഹമ്മദാബാദ്, ഹൊസൂര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.

Tags:    

Similar News