ഈഞ്ചക്കല്‍ ഗവ. യു പി എസില്‍ അഡോപ്റ്റ് എ സ്‌കൂള്‍ സി എസ് ആര്‍ പദ്ധതി പ്രകാരം ഐ ടി ലാബ് സജ്ജീകരിച്ച് യു എസ് ടി
തിരുവനന്തപുരം, നവംബര്‍ 6: വിദ്യാലയങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായയു എസ് ടി നടപ്പാക്കി വരുന്ന സി എസ് ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) സംരംഭമായ അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കല്‍ ഗവണ്മെന്റ് യു പി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കല്‍ ഗവണ്മെന്റ് യു പി എസില്‍ പുതിയ ഐ ടി ലാബ് സജ്ജമാക്കിയാണ് യു എസ് ടി അഡോപ്പ്റ്റ് എ സ്‌കൂള്‍ പദ്ധതി നടപ്പാക്കിയത്.
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐ ടി ലാബ് സജ്ജീകരിച്ചതിനൊപ്പം, ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകള്‍, അവശ്യ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും കമ്പനി സ്‌കൂളിന് കൈമാറി. അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതിയിലൂടെ ഈ വര്‍ഷം ഇതു വരെ 25 ലധികം സ്‌കൂളുകളില്‍ ഐ ടി ലാബുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നിര്‍മ്മിച്ച് നല്‍കി കഴിഞ്ഞു.
പുതുതായി സജ്ജീകരിച്ച ഐ ടി ലാബ് ഈഞ്ചക്കല്‍ യു പി എസിനു കൈമാറിയ ചടങ്ങില്‍ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോന്‍, സി എസ് ആര്‍ ഫിനാന്‍സ് ലീഡ് വിനീത് മോഹനന്‍, കേരള പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ലീഡ് റോഷ്നി ദാസ് കെ, ക്വാളിറ്റി അഷ്വറന്‍സ് മേധാവി രാജേഷ് കുമാര്‍ രാമചന്ദ്രന്‍, ഡെലിവറി മാനേജര്‍ പ്രദീപ് ജോസഫ്, യു ഐ ലീഡ് മനീഷ് മസൂദ്, തുടങ്ങിയവര്‍ പങ്കെടുത്തു. ഈഞ്ചക്കല്‍ ഗവണ്മെന്റ് യു പി എസിലെ പ്രധാന അധ്യാപകനായ അജിംഷാ എം എ, ലാബ് ഇന്‍ ചാര്‍ജ് ദിവ്യ ആര്‍ എസ്, മറ്റ് അധികാരികള്‍ തുടങ്ങിയവരും പങ്കെടുത്തു.
'സി എസ് ആര്‍ സംരംഭങ്ങളുടെ ഭാഗമായി നടപ്പാക്കി വരുന്ന അഡോപ്പ്റ്റ് എ സ്‌കൂള്‍ പദ്ധതിയിലൂടെ ഇതിനകം തന്നെ നിരവധി വിദ്യാലയങ്ങള്‍ക്ക് സഹായം ഉറപ്പാക്കാന്‍ യു എസ് ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മാത്രം 25 ലധികം സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇപ്പോള്‍, ഞങ്ങളുടെ സി എസ് ആര്‍ ടീം മുന്‍കയ്യെടുത്ത് ഈഞ്ചക്കല്‍ ഗവണ്മെന്റ്‌റ് യു പി സ്‌കൂളില്‍ പുതിയ ഐ ടി ലാബ് സജ്ജീകരിച്ചു നല്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. സാങ്കേതിക വിദ്യാഭ്യാസം നേടാന്‍ യത്‌നിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഉദ്യമം ഏറെ സഹായകരമാകുമെന്ന് തന്നെ വിശ്വസിക്കുന്നു,' യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോന്‍ പറഞ്ഞു.
യു എസ് ടിയുടെ സി എസ് ആര്‍ അംബാസഡര്‍ സോഫി ജാനറ്റ്, സി എസ് ആര്‍ ഫിനാന്‍സ് ലീഡ് വിനീത് മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.