കൊക്കോണ്‍ 2024 ക്യാപ്ചര്‍ ദ ഫ്‌ലാഗ് സൈബര്‍ സുരക്ഷാ മത്സരത്തില്‍ ആദ്യ 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി യു എസ് ടി

Update: 2024-11-27 12:38 GMT

തിരുവനന്തപുരം, 27 നവംബര്‍ 2024: പ്രമുഖ അന്തരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സായ കൊക്കോണ്‍ 2024 നോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാപ്ച്ചര്‍ ദ ഫ്‌ലാഗ് (സി ടി എഫ്) മത്സരത്തില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ കേരള കേന്ദ്രങ്ങളില്‍ നിന്നുള്ള ടെക്നോളജി പ്രൊഫഷനലുകള്‍ വിജയം കൈവരിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദ ലീല ഹോട്ടലില്‍ വച്ചു നടന്ന മത്സരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍ (ഇസ്ര) ആണ് സംഘടിപ്പിച്ചത്. ഇന്‍ഫര്‍മേഷന്‍ സുരക്ഷ, സ്വകാര്യത തുടങ്ങിയവയെപ്പറ്റിയുള്ള വിദ്യാഭ്യാസം, പുത്തന്‍ കണ്ടുപിടുത്തങ്ങള്‍, അവബോധം സൃഷ്ടിക്കല്‍ എന്നിവയാണ് കൊക്കോണ്‍ ലക്ഷ്യമിടുന്നത്.

വെബ് ചലഞ്ചുകള്‍, റിവേഴ്സ് എഞ്ചിനീയറിംഗ്, ക്രിപ്‌റ്റോഗ്രഫി, എപിഐ സാങ്കേതികത്വം, ഡിജിറ്റല്‍ ഫോറെന്‍സിക്ക്‌സ്, സ്റ്റെഗാനോഗ്രഫി തുടങ്ങിയ മേഖലകളില്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ മികവ് പ്രകടിപ്പിക്കാനും സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടാനുമുള്ള അവരുടെ ഒരുക്കങ്ങളും ക്യാപ്ച്ചര്‍ ദ ഫ്‌ലാഗ് മത്സരത്തില്‍ പ്രകടമായി.

യു എസ് ടിയുടെ കേരളത്തിലെ ഓഫീസുകളിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം പ്രൊഫഷനലുകളാണ് ആദ്യ മൂന്ന് പുരസ്‌കാരങ്ങളും സ്വന്തമാക്കിയത്. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡായ ഷൈന്‍ മുഹമ്മദ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് ആനന്ദ് ശ്രീകുമാര്‍ എന്നിവരടങ്ങിയ ടീം ആര്‍38007 ഒന്നാം സമ്മാനത്തിന് അര്‍ഹമായപ്പോള്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡ് ഷിബിന്‍ ബി ഷാജി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് ഗോകുല്‍ കൃഷ്ണ എസ് എന്നിവരുടെ ടീം ലോക്കല്‍ഗോസ്റ്റ് ആദ്യ റണ്ണര്‍ അപ്പ് ആയി.

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡ് വിഷ്ണു പ്രസാദ് ജി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് അതുല്‍ നായര്‍ എന്നിവരടങ്ങിയ ടീം സൈബര്‍ നിഞ്ചാസ് രണ്ടാം റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളായ ടീമിന് ഇ ആര്‍ എന്‍ ഡബ്ലിയു ജര്‍മനിയിലെ ഗവേഷകനായ ഡേവിഡ് ബാപ്ടിസ്റ്റെ, ബീഗിള്‍ സെക്യൂരിറ്റി സി ഇ ഒ റെജാഹ് റഹിം എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

'വിവിധങ്ങളായ സൈബര്‍ സെക്യൂരിറ്റി വെല്ലുവിളികളെ നേരിടാനുള്ള തങ്ങളുടെ മികവ് കാഴ്ചവച്ച യു എസ് ടി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ടീം അംഗങ്ങളെ അഭിനന്ദക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരിണാമ ദിശയിലൂടെ നീങ്ങുകയും, നിര്‍മ്മിത ബുദ്ധി കൂടുതല്‍ പ്രകടമാവുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍, കുറ്റമറ്റ സൈബര്‍ സെക്യൂരിറ്റി പുതു സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയുടെയും അടിസ്ഥാന ഘടകം ആവുകയാണ്. ക്യാപ്ച്ചര്‍ ദ ഫ്‌ലാഗ് പോലെയുള്ള മത്സരങ്ങള്‍ സൈബര്‍ സെക്യൂരിറ്റി പ്രഫഷണലുകളുടെ കഴിവുകള്‍ മിനുക്കിയെടുക്കുന്നതിനും, കൂടുതല്‍ ബൗദ്ധികമായ മുന്നേറ്റത്തിനും സഹായകമാകും. ഈ മത്സരം വിജയിച്ചതോടെ സാങ്കേതിക മികവ്, ടീം വര്‍ക്ക്, പുതിയ കണ്ടുപിടുത്തങ്ങള്‍ എന്നിവ പരിപോഷിപ്പിക്കുക വഴി ഡിജിറ്റല്‍ സാങ്കേതിക മേഖലയുടെ സുരക്ഷ ഉറപ്പാക്കുക എന്ന യു എസ് ടിയുടെ പ്രതിബദ്ധത ശക്തമായിരിക്കുകയാണ്,' യു എസ് ടി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കംപ്ലയന്‍സ് വിഭാഗം ആഗോള മേധാവിയും ഡയറക്ടറുമായ ആദര്‍ശ് നായര്‍ പറഞ്ഞു.

ഗാന്ധിനഗറില്‍ നടന്ന 17 ആമത് കൊക്കോണ്‍ കോണ്‍ഫറന്‍സ് ലോകത്തെമ്പാടുനിന്നുമുള്ള സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി. ആഗോളതലത്തില്‍ത്തന്നെ മികച്ച സൈബര്‍ സെക്യൂരിറ്റി സമ്മേളനം എന്ന ഖ്യാതിയും ഇതോടെ അരക്കിട്ടുറപ്പിക്കുകയാണ് കൊക്കോണ്‍. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വച്ചു നടന്ന കൊക്കോണ്‍ 2023 ലെ മത്സരങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത് യു എസ് ടി യില്‍ നിന്നുള്ള ടീമുകളാണ്.


Tags:    

Similar News