പരുത്തിപ്പള്ളി വനമേഖലയില്‍ പരിസ്ഥിതി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പുമായി കൈകോര്‍ത്ത് യുഎസ്ടി

Update: 2025-05-08 12:18 GMT

പ്രകൃതി-വന സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി, പേപ്പാറ അണക്കെട്ടിന് സമീപം പരുത്തിപ്പള്ളി റേഞ്ചിലുള്ള കുട്ടപ്പാറയില്‍ സംഘടിപ്പിച്ച പരിസ്ഥിതി പുനരുജ്ജീവന പദ്ധതിയില്‍ പങ്കാളിയായി. കേരള വനംവന്യജീവി വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി 2500 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇതിലൂടെ പരിസ്ഥിതി പുനരുജ്ജീവനത്തിനായി കേരള വനം-വന്യജീവി വകുപ്പുമായി കൈകോര്‍ക്കുന്ന ആദ്യ കമ്പനി എന്ന ബഹുമതിയും യുഎസ്ടി സ്വന്തമാക്കി.

പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അക്കേഷ്യ മരങ്ങള്‍ വെട്ടിത്തെളിച്ച 98.5 ഹെക്ടര്‍ വനഭൂമിയില്‍ മൂന്നു ഹെക്ടറിലായി കിടക്കുന്ന പ്രദേശത്തിന്റെ പുനരുജ്ജീവനത്തിനാണ് യുഎസ്ടി ശ്രമങ്ങള്‍ നടത്തിയത്. ഈ ശ്രമങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാകുമ്പോള്‍, പരുത്തിപ്പള്ളി വനപരിധിയിലെ വന്യജീവി ഇടനാഴികള്‍ ക്രമാനുസൃതമായി പ്രകൃതിവനങ്ങളായി മാറുന്നത് ഉറപ്പാക്കപ്പെടും. കള നിയന്ത്രണം, മരം വച്ചുപിടിപ്പിക്കല്‍, അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് വഴി വനത്തിന്റെ സ്ഥിതി മെച്ചപ്പെടുകയും മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. അനുയോജ്യമായ ഇടങ്ങളില്‍ തദ്ദേശീയ സസ്യയിനങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു വേണ്ടി മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണം ഉള്‍പ്പെടെയുള്ള പ്രത്യേക നടപടികള്‍ സ്വീകരിക്കും. ഈ പദ്ധതിയിലൂടെ പരിസ്ഥിതി സേവനങ്ങള്‍ മെച്ചപ്പെടുകയും, നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

പുനരുജ്ജീവന പ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിന് വേണ്ടി പ്രാദേശിക സമൂഹത്തെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ പ്രാധാന്യവും അതുവഴി സമൂഹത്തിനുണ്ടാകുന്ന ഗുണങ്ങളുടെ ബോധവത്കരണത്തിനും വേണ്ടി യുഎസ്ടി വനംവകുപ്പുമായി ചേര്‍ന്ന് അവബോധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കും.

സംസ്ഥാന വനം വകുപ്പുമായി ചേര്‍ന്ന് യുഎസ്ടി പരുത്തിപ്പള്ളി വനപരിധിയില്‍ നടത്തുന്ന പരിസ്ഥിതി പുനരുജ്ജീവന പ്രവര്‍ത്തങ്ങള്‍ വളരെയധികം സന്തോഷദായകവും സ്വാഗതാര്‍ഹവുമാണെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഡോ. പി. പുകഴേന്തി. ഐ.എഫ്.എസ് പറഞ്ഞു. 'ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത് തന്നെ പരിസ്ഥിതിയെയും അതിലെ ജീവജാലങ്ങളെയും യുഎസ്ടി വലിയ പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ്. വനപ്രദേശങ്ങള്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും ഗുണമുണ്ടാക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാകാന്‍ സമയം മാറ്റിവെച്ച കമ്പനിയുടെ നേതൃത്വത്തിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ ഭാഗമായി 2,500 മരങ്ങള്‍ പേപ്പാറ അണക്കെട്ടിന് സമീപമുള്ള പരുത്തിപ്പള്ളി വനപരിധിയില്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ ഈ പദ്ധതിക്ക് മികച്ച തുടക്കമായിരിക്കുകയാണ്. ഈ പ്രദേശം ഘട്ടംഘട്ടമായി വനമായി മാറുകയും, പ്രദേശത്തെ സസ്യ-ജീവജാലങ്ങള്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുകയും ചെയ്യും. ഇത്തരം മഹത്തായ പദ്ധതിയില്‍ കേരള വനംവന്യജീവി വകുപ്പിനൊപ്പം പങ്കാളിയാകാനായതില്‍ യുഎസ്ടിക്ക് വളരെയധികം സന്തോഷമുണ്ട് എന്നും വനമേഖല നിലനിര്‍ത്താനും പരിസ്ഥിതി പുനരുജ്ജീവനം ഉറപ്പു വരുത്താനും പ്രാദേശിക സമൂഹങ്ങളെ സഹായിക്കാനും ഞങ്ങള്‍ മുന്‍പന്തിയിലുണ്ടാകും,' യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ആയ ഡോ. പി.പുകഴേന്തി ഐ.എഫ്.എസ്; തിരുവനന്തപുരം ഡി.എഫ്.ഒ എ. ഷാനവാസ് ഐ.എഫ്.എസ്; പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍മാരായ ശ്രീജു; അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ യുഎസ്ടി തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്പ മേനോന്‍, വര്‍ക്‌പ്ലേസ് മാനേജ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍; ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചറിലെ വിനോദ് രാജന്‍, സി.എസ്.ആര്‍ ലീഡ് വിനീത് മോഹനന്‍, കേരള പിആര്‍ ആന്റ് മാര്‍ക്കറ്റിംഗ് ടീമില്‍ നിന്ന് രോഷ്‌നി.ദാസ്.കെ; യു എക്‌സ് കണ്‍സള്‍റ്റന്റ്റ് സുനില്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ യുഎസ്ടിയുടെ ഭാഗത്ത് നിന്നും പങ്കെടുത്തു.

പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ 2021ലെ പരിസ്ഥിതി നയം കേരളത്തിന് ഒരു നാഴികക്കല്ലാണ്. പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനപിന്തുണ സമാഹരിക്കുന്നതിനുള്ള ജനകീയ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഈ നയം അടിവരയിടുന്നുണ്ട്.


Similar News