തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യുഎസ് ടി

Update: 2025-07-18 11:37 GMT

തിരുവനന്തപുരം, ജൂലായ് 17, 2025: നേത്ര രോഗമായ സെറിബ്രല്‍ വിഷ്വല്‍ ഇംപെയര്‍മെന്റ് (സി വി ഐ) ബാധിച്ച കുട്ടികളുടെ നൂതന ചികിത്സാരീതികള്‍ക്ക് സഹായമേകാന്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആസ്ഥാനമായുള്ള ശിശു വികസന കേന്ദ്രത്തിന്റെ സി വി ഐ ക്ലിനിക്കിലേക്ക് (ദിയ) 7,00,828.80 രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ കൈമാറി. കമ്പനിയുടെ സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമായാണ് ദിയയിലെ വിവിധ വിഭാഗങ്ങള്‍ക്കായി 25 ഉപകരണങ്ങള്‍ കൈമാറിയത്.

കാഴ്ചശക്തി വിലയിരുത്തുന്നതിനും, കാഴ്ചശക്തി നിജപ്പെടുത്തുന്നതിനും കണ്ണ്-കൈ ഏകോപനം പരിശോധിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, കാഴ്ച വൈകല്യമുള്ള കുട്ടികളിലെ മറ്റ് ചികിത്സാ നടപടിക്രമങ്ങള്‍ക്കും ഉപയോഗിക്കുന്ന ഇന്‍ഡയറക്ട് ഒഫ്താല്‍മോസ്‌കോപ്പ്, ലിയ സിംബല്‍ 15 ലൈന്‍ ഡിസ്റ്റന്റ് വിഷന്‍ ചാര്‍ട്ട്, മാര്‍സ്‌ഡെന്‍ ബോള്‍, ബെര്‍ണല്‍ യുഎസ്എയില്‍ നിന്നുള്ള റൊട്ടേഷന്‍ ട്രെയിനര്‍, പാര്‍ക്ക്വെട്രി ബ്ലോക്കുകള്‍, റെറ്റിനോസ്‌കോപ്പി റാക്ക് തുടങ്ങി നിരവധി ഉപകരണങ്ങള്‍ ശിശു വികസന കേന്ദ്രത്തിന്റെ (സി ഡി സി) സിവിഐ ക്ലിനിക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് കൈമാറി. യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്റെ നേതൃത്വത്തില്‍ യുഎസ് ടി ഉദ്യോഗസ്ഥരും; ചൈല്‍ഡ് ഡെവലപ്‌മെന്റ്‌റ് സെന്റര്‍ (സി ഡി സി) ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ദീപ ഭാസ്‌കരന്റെ നേതൃത്വത്തില്‍ സിഡിസി ഉദ്യോഗസ്ഥരും പങ്കെടുത്തു.

'കാഴ്ച വൈകല്യവും കാഴ്ച സംബന്ധമായ മറ്റ് അസുഖങ്ങളും ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സഹായമെത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ദിയ എന്നും അറിയപ്പെടുന്ന ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന്റെ സിവിഐ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഇന്‍ഡയറക്ട് ഒഫ്താല്‍മോസ്‌കോപ്പ് ഉള്‍പ്പെടെ 25 ഉപകരണങ്ങള്‍ സിവിഐ ക്ലിനിക്കിലേക്ക് സംഭാവന ചെയ്യാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' യുഎസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍ പറഞ്ഞു.

'യുഎസ് ടി യുടെ സംഭാവന സിവിഐ ക്ലിനിക്കിന് ഒരു വലിയ സഹായമാണ്. ഇത്രയും വലിയ സംഭാവന നല്‍കിയതിന് കമ്പനിയുടെ സിഎസ്ആര്‍ വിഭാഗത്തോട് ഞങ്ങള്‍ തീര്‍ച്ചയായും നന്ദിയുള്ളവരാണ്. കൈമാറിയ എല്ലാ ഉപകരണങ്ങളും, പ്രത്യേകിച്ച് ഇന്‍ഡയറക്ട് ഒഫ്താല്‍മോസ്‌കോപ്പ്, വില മതിക്കാനാവാത്തവയാണ്. ഏതൊരു ഒഫ്താല്‍മിക് ക്ലിനിക്കിലും ഇന്‍ഡയറക്ട് ഒഫ്താല്‍മോസ്‌കോപ്പ് ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ്. സെറിബ്രല്‍ വിഷ്വല്‍ ഇംപെയര്‍മെന്റ് (സിവിഐ) വിലയിരുത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ചികിത്സാ പ്രക്രിയ, മറിച്ച് സമഗ്രമായ നേത്ര പരിശോധനകളില്‍ ഇതു നിര്‍ണായക പങ്ക് വഹിക്കുന്നു. ലോക വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഈ ഉപകരണമാണ് യു എസ് ടി ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. വിശ്വാസ്യതയ്ക്കും ഉപയോക്തൃ സൗഹൃദത്തിനും ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തുള്ളതാണ് ഞങ്ങള്‍ക്കു ലഭിച്ച ഇന്‍ഡയറക്ട് ഒഫ്താല്‍മോസ്‌കോപ്പ്,' സിഡിസി സിവിഐ ക്ലിനിക്കിലെ ഒഫ്താല്‍മോളജി പ്രൊഫസറും കണ്‍സള്‍ട്ടന്റുമായ ഡോ. അനിത പറഞ്ഞു.

ഉപകരണങ്ങള്‍ കൈമാറിയ ചടങ്ങില്‍ യുഎസ് ടി യില്‍ നിന്ന് സിഎസ്ആര്‍ അംബാസഡര്‍ സോഫി ജാനറ്റ്, സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്‍, കേരള പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ലീഡ് റോഷ്നി കെ ദാസ് എന്നിവരും; സി ഡി സി യില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ തിലകന്‍ പിഎം, സിഡിസി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ദീപ ഭാസ്‌കരന്‍, സിഡിസിയിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. രവി കുമാര്‍, സിഡിസിയിലെ സീനിയര്‍ ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് സുനിത ആര്‍എം എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സിവിഐ ക്ലിനിക്, സെറിബ്രല്‍ വിഷ്വല്‍ ഇംപെയര്‍മെന്റ് (സിവിഐ) ബാധിച്ച കുട്ടികളുടെ പ്രത്യേക ചികിത്സകള്‍ നടത്തി വരുന്നു. കാഴ്ച മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ചികിത്സകള്‍, രക്ഷാകര്‍തൃ കൗണ്‍സിലിംഗ്, പരിസ്ഥിതി പരിഷ്‌കാരങ്ങള്‍ എന്നിവ ഈ ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു.

Tags:    

Similar News