യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 ഒക്ടോബര്‍ 12 ന്; മിലിന്ദ് സോമന്‍ ബ്രാന്‍ഡ് അംബാസഡര്‍; സമ്മാനത്തുക 22 ലക്ഷം രൂപയിലധികം
തിരുവനന്തപുരം, സെപ്തംബര്‍ 24, 2025: തിരുവനന്തപുരം നഗരം കണ്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ മാരത്തണിന് അരങ്ങൊരുങ്ങി. പ്രമുഖ എ ഐ, ടെക്നോളജി ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, എന്‍ഇബി സ്‌പോര്‍ട്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025, ഒക്ടോബര്‍ 12 ന് യു എസ് ടി കാമ്പസില്‍ ആരംഭിക്കും. യു എസ് ടി ട്രിവാന്‍ഡ്രം മരത്തണിന്റെ രണ്ടാം പതിപ്പാണ് ഇത്. ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കെ ഓട്ടം, 5 കെ ഓട്ടം എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
പ്രശസ്ത ഇന്ത്യന്‍ നടനും, മോഡലും, ചലച്ചിത്ര നിര്‍മ്മാതാവും, ഫിറ്റ്‌നസ് പ്രേമിയുമായ മിലിന്ദ് സോമന്‍ ആണ് യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 ന്റെ ബ്രാന്‍ഡ് അംബാസഡര്‍. അദ്ദേഹത്തിന്റെ സാന്നിധ്യം യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 ന് മാറ്റുകൂട്ടും. മിലിന്ദ് സോമനൊപ്പം മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദ്, അത്ലറ്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ റീത്ത് എബ്രഹാം, ബാഡ്മിന്റണ്‍ താരം യു വിമല്‍ കുമാര്‍ എന്നീ വിശിഷ്ട കായിക താരങ്ങളും മാരത്തണിന്റെ ഭാഗമാകും.
യുഎസ് ടി തിരുവനന്തപുരം കാമ്പസില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണില്‍ ഈ വര്‍ഷം 10,000-ത്തിലധികം പേര്‍ പങ്കെടുക്കും. ആകെ 22 ലക്ഷം രൂപയിലധികം സമ്മാനത്തുക നേടാന്‍ അവസരമൊരുക്കുന്ന യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി bit.ly/3ZnARUv എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം . ഔദ്യോഗിക വെബ്‌സൈറ്റായ https://trivandrummarathon.com/ വഴിയും രജിസ്റ്റര്‍ ചെയ്യാം.
'യുഎസ് ടിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ് യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടും ഇന്ത്യയിലും ഈ അവബോധം പ്രചരിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മാരത്തണുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരമൊരു മാരത്തണ്‍ ഒരു വാര്‍ഷിക പരിപാടിയായി കേരളത്തിലും തിരുവനന്തപുരത്തും യു എസ് ടി സംഘടിപ്പിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള യു എസ് ടി യുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു,' യു എസ് ടി പ്രസിഡന്റ് അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
'കേരള തലസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മാരത്തണിന് ഞങ്ങള്‍ ഒരുങ്ങുകയാണ്. യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 ഞങ്ങള്‍ക്ക് ഏറെ അഭിമാനമാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഈ വര്‍ഷവും 10,000-ത്തിലധികം ഓട്ടക്കാര്‍ക്ക് ആതിഥേയത്വം വഹിക്കാനായി യു എസ് ടിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ബ്രാന്‍ഡ് അംബാസഡറായി മിലിന്ദ് സോമന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ ആകര്‍ഷണീയത നല്‍കുന്നു,' എന്‍ ഇ ബി സ്‌പോര്‍ട്‌സ് സി എം ഡി നാഗരാജ് അഡിഗ പറഞ്ഞു.
യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 നു മുന്നോടിയായി കഴിഞ്ഞ മാസങ്ങളില്‍ രണ്ട് പരിശീലന ഓട്ടങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ പരിശീലന ഓട്ടങ്ങളിലും വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.