ഭൂരിപക്ഷത്തിന്റെ സങ്കുചിത താല്പര്യമല്ല, ഇന്ത്യന്‍ ഭരണഘടനയാണ് വലുത്: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ സങ്കുചിത താല്പര്യമല്ല ഇന്ത്യന്‍ ഭരണഘടനയാണ് വലുതെന്നും, ജനാധിപത്യ ഭരണ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യയില്‍, ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നീതിപീഠത്തിനുണ്ടെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയവിഷംചീറ്റി ഭരണഘടനാലംഘനം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി നിയമ നടപടികള്‍ക്ക് വിധേയമാക്കണം. അതിശ്രേഷ്ഠമായ നീതിപീഠത്തിലിരുന്നുകൊണ്ട് നീതിന്യായ കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വിദ്വേഷപ്രസംഗങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നടത്തുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ എക്കാലവും കാണുന്ന കോടതികളുടെയും നീതിന്യായ നിയമസംവിധാനങ്ങളുടെയും സ്വീകാര്യതയും ആദരവും അംഗീകാരവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. സുപ്രീംകോടതി കൊളീജിയത്തിനുമുമ്പില്‍ ഹാജരാകാന്‍ ശേഖര്‍ കുമാര്‍ യാദവിനോട് ആവശ്യപ്പെട്ടിരിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും ഇന്ത്യന്‍ ജുഡീഷ്യറിയിന്മേലുള്ള ഭാരതപൗരന്മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇദ്ദേഹത്തിനെതിരെ അടിയന്തര ശിക്ഷാനടപടികളുണ്ടാകണം. വിവാദജഡ്ജി ഇതിനോടകം നടത്തിയിരിക്കുന്ന സുപ്രധാന കോടതിവിധികളും പരിശോധനാ വിധേയമാക്കണം.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങള്‍ മാറിമാറി രാജ്യം ഭരിച്ച ആരുടെയും ഔദാര്യമല്ല. ഭരണഘടനാശില്പികള്‍ ദീര്‍ഷവീക്ഷണത്തോടെ രൂപം നല്‍കി സ്വതന്ത്രഭാരതം അംഗീകരിച്ച മൗലിക അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ആരെയും യാതൊരു കാരണവശാലും അനുവദിക്കാന്‍ പാടില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.