തെരുവ് നായ ആക്രമണം: സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ജനദ്രോഹം:ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Update: 2025-08-19 10:47 GMT

കൊച്ചി: മനുഷ്യജീവന് വെല്ലുവിളികളുയര്‍ത്തി തെരുവ് നായ്ക്കള്‍ ജനങ്ങളെ ആക്രമിച്ച് കടിച്ചുകീറിയുള്ള മരണങ്ങള്‍ അനുദിനം ആവര്‍ത്തിക്കുമ്പോഴും അടിയന്തര നടപടികളെടുക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷേധ നിലപാടും നിഷ്‌ക്രിയ സമീപനവും സ്വീകരിച്ച് ഒളിച്ചോട്ടം നടത്തുന്നത് ജനദ്രോഹമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

2025 ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ചു മാസങ്ങളിലായി കേരളത്തില്‍ 1,65,000 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. 17 പേര്‍ മരിച്ചു. 2014-2025 കാലഘട്ടങ്ങളില്‍ 22.52 ലക്ഷം നായ കടിച്ച കേസുകളും 160 മരണങ്ങളുമുണ്ടായെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ രേഖകളും ഔദ്യോഗിക കണക്കുകളും പുറത്തുവന്നിട്ടും നടപടികളില്ല. രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതിലേറെയാണ്. 2025 ജൂലൈ 28ന് കേരള ഹൈക്കോടതി തെരുവ് നായ ആക്രണങ്ങളെ 'ദുരന്ത നിയന്ത്രണ നിയമം 2005' പ്രകാരമുള്ള ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യമുന്നയിച്ചതും നിസ്സാരവല്‍ക്കരിച്ച് അധികാരികള്‍ കാറ്റില്‍പറത്തി.

ഈ സമൂഹ്യ വിപത്തിനെതിരേ പൊതുസമൂഹം സംഘടിച്ചില്ലെങ്കില്‍ തെരുവോരങ്ങള്‍ ശവപ്പറമ്പുകളായി മാറും.വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസ മേഖലകളിലേക്കിറങ്ങി വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ പട്ടണങ്ങളില്‍ തെരുവു നായ്ക്കള്‍ മനുഷ്യനെ ആക്രമിച്ച് അതിദാരുണമായി കൊല്ലുന്നത് അനുദിനം ആവര്‍ത്തിക്കുന്നു. തെരുവ് നായയുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് കൂടുതലും വയോജനങ്ങളും കുട്ടികളുമാണ്. സ്‌കൂളുകളുള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം തെരുവ്നായക്കൂട്ടങ്ങള്‍ വിഹരിക്കുമ്പോള്‍ കുട്ടികളുടെ ജീവന്‍ പന്താടപ്പെടുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് രാവിലെ നടന്നുപോകുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളും ജോലിക്കുപോകുന്ന സ്ത്രീകളുമാണ് പ്രധാനമായും ദിവസവും തെരുവുനായ്ക്കളുടെ ഇരകളാകുന്നത്.

1964 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം തെരുവ് നായ്ക്കളെ കൊല്ലാമെന്ന നിയമം അട്ടിമറിച്ച് 2001 ല്‍ മൃഗ പ്രജനന നിയന്ത്രണ ചട്ടങ്ങളിലൂടെ നായ്ക്കളെ കൊല്ലുന്നത് വിലക്കിയത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്. വന്ധ്യംകരണത്തിലൂടെ തെരുവ് നായ്ക്കളെ കുറയ്ക്കാനുള്ള വ്യവസ്ഥകളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിച്ചു.

2018ല്‍ ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നായയുടെ കടിയേറ്റ് മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തടയുവാന്‍ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടും തുടര്‍ നടപടികളില്ലാതെ നായ സ്നേഹികള്‍ക്കു മുമ്പില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുട്ടുമടക്കി. 2021 ജൂലൈയില്‍ കേരള ഹൈക്കോടതി വീട്ടുമൃഗങ്ങളുടെ രജിസ്ട്രേഷന്‍ വേണമെന്നിറക്കിയ ഉത്തരവും കൃത്യമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

2025 ഓഗസ്റ്റ് 11ന് നായ്ക്കളെ തെരുവില്‍ വിടാന്‍ പാടില്ലെന്നും തെരുവ് നായ്ക്കളെ ഉടന്‍ പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടതും ചോദ്യം ചെയ്യാന്‍ നായ സ്നേഹി സംഘടനകള്‍ രംഗത്തു വന്നിരിക്കുന്നത് നിസാരവല്‍ക്കരിക്കരുത്.

കോടിക്കണക്കിനു രൂപമുടക്കി സുപ്രീംകോടതിയില്‍ കേസു നടത്തുന്ന ഇത്തരം നായസ്നേഹി സംഘടനകളുടെ വന്‍സാമ്പത്തിക ഇടപാടുകളും വാക്സിന്‍ കമ്പനികളുമായുള്ള ഇക്കൂട്ടരുടെ ബന്ധവും അന്വേഷണവിധേയമാക്കണം.

ഉടമകളില്ലാത്ത നായകളാണ് തെരുവിലിറങ്ങുന്നത്. അവ വീടുകളിലെ വളര്‍ത്തുമൃഗങ്ങളല്ല. അതിനാല്‍ തെരുവ് നായ്ക്കളെ വന്യജീവികളായി കണക്കാക്കി വനത്തിനുള്ളിലാക്കണം. വനാതിര്‍ത്തിവിട്ട് പുറത്തിറങ്ങിയാല്‍ ഇവയെ കൊല്ലാനുള്ള നിയമമാണ് വേണ്ടത്. ഈ നിയമം സൃഷ്ടിക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അവകാശമുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമത്തിലൂടെ അതിദാരുണവും അതിക്രൂരവുമായ മരണത്തിലേക്ക് ജനങ്ങളെ തള്ളിവിടുന്നത് തടയുവാന്‍ ഉതകുന്ന നിയമങ്ങളും നടപടികളുമില്ലാതെ ഈ കൊടുംപാതകത്തിന് സര്‍ക്കാര്‍ കുടപിടിച്ച് കൂട്ടുനിന്നാല്‍ ജനപ്രതിനിധികളെ പൊതുസമൂഹം തെരുവില്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും അതിനിടവരുത്തരുതെന്നും വി.സി. സെബാസ്റ്റ്യന്‍ മുന്നറിയിപ്പു നല്‍കി.

Similar News