വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് സമ്മേളനം സമാപിച്ചു
മക്കരപ്പറമ്പ് : വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മദ്രസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സംഘ്പരിവാര്‍ സര്‍ക്കാരിന്റെ വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീഖ് അഭിപ്രായപ്പെട്ടു. വെര്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മക്കരപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസകള്‍ക്കും മദ്രസാ ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന കമ്മീഷന്റെ നിര്‍ദേശം പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുവാനുളള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണെന്നും, മദ്രസാ സ്ഥാപനങ്ങള്‍ സമുദായത്തിലെ അഭ്യുദയകാംക്ഷികളുടെ ഉദാരമായ സഹായങ്ങള്‍ കൊണ്ട് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ പാര്‍ലമെന്റിലവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിന്റ തുടര്‍ച്ചയാണ് ഈ പുതിയ നിര്‍ദേശമെന്നും അദ്ദേഹം സൂചിപ്പിച്ചു. വംശീയ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഏതൊരു ശ്രമത്തെയും ഇന്ത്യയിലെ മതേതര സമൂഹം ഒറ്റകെട്ടായി ചെറുത്ത് തോല്‍പിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.
വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി മായിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡന്റ് കെ. പി ഫാറൂഖ്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഹബീബുള്ള പട്ടാക്കല്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയുടെ പുതിയ പഞ്ചായത്ത് ഭാരവാഹികളെ ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയില്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ ജാബിര്‍ സ്വാഗതവും സെക്രട്ടറി സി.കെ സുധീര്‍ നന്ദിയും പറഞ്ഞു.
നേരത്തെ മക്കരപ്പറമ്പ് ടൗണില്‍ നടന്ന പ്രകടനത്തിന് സക്കരിയ കാരിയത്ത്, കെ.ടി ബഷീര്‍, ഷബീര്‍ കറുമൂക്കില്‍, സഹദ് മക്കരപ്പറമ്പ്, റഷീദ് കൊന്നോല, പി ശരീഫ്, യു.പി ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി.