എമ്പുരാന്‍: കലാമേഖലയിലെ അടിയന്തരാവസ്ഥയെ ചെറുക്കാന്‍ ജനാധിപത്യ സമൂഹം മുന്നിട്ടിറങ്ങണം - റസാഖ് പാലേരി

Update: 2025-03-31 14:48 GMT

തിരുവനന്തപുരം: കലാമേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സംഘ്പരിവാര്‍ ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഗുജറാത്ത് മുസ്ലിം വിരുദ്ധ വംശഹത്യ നടത്തിയത് സംഘ്പരിവാര്‍ സംഘടനകളും അവരുടെ നേതാക്കളുമാണ്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ആ കൂട്ടക്കൊലയുടെ ചോരക്കറ കൈയില്‍ പതിഞ്ഞവരാണ്. എത്ര തന്നെ നിഷേധിച്ചാലും മായാതെ കിടക്കുന്ന ചരിത്ര സത്യങ്ങളാണ് ഇതെല്ലാം.

'എമ്പുരാനി'ല്‍ ഈ വിഷയം പ്രമേയമായി വന്നതിനെ തുടര്‍ന്ന് കേരളത്തിലെയും പുറത്തെയും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ശക്തമായ വിദ്വേഷ ക്യാമ്പയിനാണ് സിനിമക്കും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ നടത്തിയത്. സംഘ്പരിവാര്‍ ഭീഷണിയെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് സിനിമയുടെ നിര്‍മാതാക്കള്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നു.

പൊതുവില്‍ സംഘ് വിരുദ്ധ പൊതുബോധവും രാഷ്ട്രീയ ജാഗ്രതയും നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. സംഘ് രാഷ്ട്രീയത്തിനെതിരായ പ്രതിരോധങ്ങളുടെ ദൗര്‍ബല്യം കൂടിയാണ് ഇത്തരം സംഭവങ്ങള്‍ നമുക്ക് കാണിച്ചു തരുന്നത്. ലോകം മുഴുവന്‍ സത്യമെന്നംഗീകരിക്കുന്ന ഒരു ചരിത്രസംഭവത്തിന്റെ സിനിമാവിഷ്‌കാരത്തിന് ഒരാഴ്ച പോലും കേരളത്തില്‍ നിലനില്‍പ്പില്ലെന്ന യാഥാര്‍ഥ്യത്തെ നാം ഗൗരവത്തില്‍ സമീപിക്കന്നമെന്ന് റസാഖ് പാലേരി പറഞ്ഞു.

സത്യവും യാഥാര്‍ഥ്യവും വിളിച്ചു പറയുന്ന

കലാവിഷ്‌കാരങ്ങള്‍ക്കെതിരില്‍ കലാപാഹ്വാനം നടത്തുന്ന സംഘ്പരിവാറിനെതിരില്‍ ശക്തമായ സാമൂഹിക പ്രതിരോധം ഉയരണം. നേരത്തെ പുറത്തിറങ്ങിയ ബി ബി സി ഡോക്യുമെന്ററിക്കെതിരെയും ഇന്ത്യയിലെ സംഘ്പരിവാര്‍ രംഗത്തിറങ്ങിയിരുന്നു. മറുവശത്ത് നുണകളും വ്യാജങ്ങളും കുത്തി നിറച്ച്, സമൂഹത്തില്‍ സാമൂഹിക ധ്രുവീകരണവും സാമുദായിക വിദ്വേഷവും പ്രചരിപ്പിക്കാന്‍ മാത്രമായി പടച്ചു വിട്ട കേരള സ്റ്റോറി പോലുള്ള സിനിമകള്‍ സംഘ്പരിവാറിന്റെ സമ്പൂര്‍ണ ആശിര്‍വാദത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്നുണ്ട്.

ഗുജറാത്ത് കലാപത്തിന്റെ ജനകീയ കുറ്റപത്രത്തില്‍ സംഘ്പരിവാര്‍ ഇപ്പോഴും കുറ്റവാളികളാണ്. കലാവിഷ്‌കാരങ്ങള്‍ സത്യം വിളിച്ചു പറയുമ്പോള്‍ വിറളി പിടിക്കുന്നത് കൈകളില്‍ കറ പുരണ്ടവര്‍ക്കാണ്. കലാമേഖലയിലെ ഈ അടിയന്തിരാവസ്ഥയെ ചെറുക്കാന്‍ ജനാധിപത്യ സമൂഹത്തിന് ബാധ്യതയുണ്ട്. ഗുജറാത്ത് മറക്കാന്‍ ഈ നാടിനാവില്ല. മുസ്ലിം സമൂഹത്തെ കൊന്ന് തള്ളിയ വംശീയതയുടെ ശക്തികളോട് കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Similar News