സവര്‍ണ സംവരണം: സംവരണീയ സമൂഹങ്ങളുടെ അവസരങ്ങളെ അട്ടിമറിക്കുന്നു - റസാഖ് പാലേരി

Update: 2025-08-28 12:29 GMT

തിരുവനന്തപുരം: പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ - തൊഴില്‍പരമായ ഭരണഘടന അവകാശങ്ങള്‍ EWS - ലൂടെ അട്ടിമറിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ന്യൂനപക്ഷ പദവിയുള്ള കോളേജുകളില്‍ മുന്നാക്ക സംവരണം പാടില്ല എന്ന ഭരണഘടന 103-ാം ഭേദഗതിയെ അട്ടിമറിച്ചു കൊണ്ടാണ് കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജില്‍ അധികൃതമായി സവര്‍ണ സംവരണത്തിലൂടെ അഡ്മിഷന്‍ നല്‍കിയത്. എഞ്ചിനിയറിംഗ് പ്രവേശനം നാലാം അലോട്ട്‌മെന്റ് വന്നപ്പോള്‍ സവര്‍ണ്ണ സമൂഹത്തില്‍ നിന്നും 67,353-ാം റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വരെ പ്രവേശനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇഴവ സമൂഹത്തില്‍ നിന്നും 63,508 -ഉം മുസ്ലിങ്ങളില്‍ 58,966 - മാണ് അവസാനത്തെ റാങ്ക്. ഈ കണക്കുകള്‍ തന്നെ സംവരണ പ്രവേശനത്തില്‍ നടക്കുന്ന ഭീകരമായ അട്ടിമറിയുടെ തെളിവുകളാണ്.

ചരിത്രപരമായി പിന്നാക്കം നിന്ന സമൂഹങ്ങളെ വിവിധ മേഖലകളില്‍ ഉയര്‍ത്തി ക്കൊണ്ടുവരുന്നതിനുള്ള ഭരണഘടനപരമായ അവകാശമാണ് സംവരണം. എന്നാല്‍ ഭരണഘടന മുന്നോട്ടുവെച്ച സാമൂഹ്യനീതി പദ്ധതിയെ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതിയാക്കി സംവരണത്തെ അട്ടിമറിക്കാനുള്ള ആര്‍എസ്എസിന്റെ വംശീയ ഗൂഢാലോചന ആദ്യമായി നടപ്പിലാക്കിയത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്. സവര്‍ണ സംവരണം വിവിധ മേഖലകളില്‍ സൃഷ്ടിക്കുന്ന അസന്തുലിതമായ സാമൂഹ്യ ക്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് എന്‍ജിനീയറിങ് പ്രവേശന റാങ്ക് ലിസ്റ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Similar News