വിലകുറക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണം- വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: അവശ്യസാധനങ്ങള്‍ക്കടക്കം ക്രമാതീതമായ വിലവര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവശ്യസാധനങ്ങളുടെ വിലയില്‍ അതിവേഗ വര്‍ദ്ധന ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച്, ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധന സാധാരണക്കാരന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. - അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണക്കാലത്തും തുടരുന്ന വിലവര്‍ധനവ് സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ക്രിയാത്മക ഇടപെടലുകളിലൂടെ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടേണ്ടത് അനിവാര്യമാണ്. വിലനിയന്ത്രണം ഏര്‍പ്പെടുത്തുക, സബ്‌സിഡികള്‍ നല്‍കുക, വിതരണ ശൃംഖലയിലെ അഴിമതി തടയുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയും.
അവശ്യ സാധനങ്ങളുടെ വില നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുക,പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുക, സപ്ലൈകോ വഴി പരമാവധി അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക, കൂടുതല്‍ ഓണം ബസാറുകള്‍ തുറക്കുകയും സബ്‌സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക, പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക തുടങ്ങി
ജനജീവിതം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.