ബിജെപിയുടെ വോട്ടര്‍ പട്ടിക അട്ടിമറി: തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം അന്വേഷിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും തകര്‍ത്തെറിഞ്ഞതിന്റെ തെളിവുകളാണ് ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വന്നിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒത്തു കളിക്കുന്ന ബി.എല്‍.ഒ ഏജന്റായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയതിന്റെ തെളിവാണ് രാജ്യം ഇന്ന് കണ്ടത്.
ബി ജെ പി യും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ജനാധിപത്യത്തെയാണ് അട്ടിമറിച്ചിരിക്കുന്നത്. ബി ജെ പിക്ക് അനുകൂലമായി പുറത്തു വന്ന കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തീര്‍ത്തും അവിശ്വാസനീയമാണെന്ന് അന്ന് തന്നെ പല രാഷ്ട്രീയ സംഘടനകളും നേതാക്കളും വിളിച്ചു പറഞ്ഞിരുന്നു. ഇളക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുതാര്യതയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ശക്തമാണ്. ഇതിനിടയിലാണ് വോട്ടര്‍ പട്ടിക കൃത്രിമത്വവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കഴുവിലേറ്റിയ ബി ജെ പിയുടെ രാഷ്ട്രവഞ്ചനക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണം.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയവും വോട്ടര്‍പട്ടികയില്‍ ആസൂത്രിതമായി നടത്തിയ കൃത്രിമത്വങ്ങളിലൂടെയാണെന്ന ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. തൃശൂരിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് പതിനായിരക്കണക്കിന് വോട്ടുകളാണ് അന്ന് ബി ജെ പി താത്കാലിക താമസത്തിന്റെ മറവില്‍ വോട്ടര്‍ പട്ടികയിലേക്ക് തിരുകിക്കയറ്റിയത്. തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ അംഗീകാരം ലഭിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി ഈ കുതന്ത്രം നടപ്പാക്കുന്നത്.
ജനാധിപത്യത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കാന്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.