വി. എസ്: ഭരണത്തിലും ജനകീയ സമരങ്ങളിലും വ്യതിരിക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവ് - റസാഖ് പാലേരി

Update: 2025-07-22 10:07 GMT

തിരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍. കേരളത്തിലെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ജനകീയ സമരങ്ങളിലും വ്യതിരിക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. വി എസിന്റെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന്റെ സംഭവബഹുലമായ അധ്യായത്തിനാണ് പരിസമാപ്തി വീഴുന്നത്.

മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ പോലും കിനാലൂര്‍ സമരം ഉള്‍പ്പെടെയുള്ള കേരളത്തിലെ നിരവധി ജനകീയ സമരങ്ങളില്‍ ധീരമായ നിലപാട് സ്വീകരിക്കാന്‍ വിഎസിന് കഴിഞ്ഞിട്ടുണ്ട്. റോഡ് വികസനത്തിന്റെ പേരില്‍ നൂറുകണക്കിനു കുടുംബങ്ങളെ കുടിയിറക്കാന്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമും കോഴിക്കോട് ജില്ലാ കലക്ടറും ചേര്‍ന്ന് പ്രത്യേകപദ്ധതി തയ്യാറാക്കി മുന്നോട്ടു പോകുന്ന സന്ദര്‍ഭത്തിലുണ്ടായ ജനകീയ സമരം കേരളത്തിലെ വിജയിച്ച ജനകീയ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു. അമ്മമാരും കുഞ്ഞുങ്ങളുമുള്‍പ്പെട്ട സമരക്കാര്‍ക്കെതിരെ പോലീസ് ക്രൂരമായ അക്രണം അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നതിനടയിലാണ് അന്നത്തെ മുഖ്യമന്ത്രിയായ വി എസ്സിനോട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പോലീസ് പൊടുന്നനെ അടി നിര്‍ത്തി പിന്‍മാറുകയുണ്ടായി.

നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്ന് ജനവിധി തേടുമ്പോള്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് അദ്ദേഹം ബന്ധപ്പെട്ടതും ജനകീയ പ്രശ്‌നങ്ങളും മറ്റും വിശദമായി സംസാരിച്ചതും മറ്റൊരോര്‍മയാണ്. അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കവേ വി.എസിനെ കാണാന്‍ പോയിരുന്നു. ചികിത്സയുടെ ഭാഗമായ നിയന്ത്രണങ്ങള്‍ കാരണം നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല. മകന്‍ അരുണ്‍കുമാറിനോട് സുഖവിവരമനേഷിച്ച് തിരിച്ചു പോരുകയാണുണ്ടായത്.

തന്റെ കഴിവും അധികാരവും സാധാരണ മനുഷ്യര്‍ക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി എസ്. ജനകീയ സമരങ്ങള്‍ക്കും സിവില്‍ മൂവ്‌മെന്റുകള്‍ക്കും ജനാധിപത്യത്തിന്റെ മുറിയില്‍ പ്രത്യേക ഇടം നല്‍കിയ നേതാവ്. അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദുഃഖകരമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ വരമ്പുകള്‍ക്കപ്പുറം നിന്ന് കേരളത്തിലെ ജനങ്ങള്‍ വി എസിനെ ഓര്‍മിക്കും. അദ്ദേഹത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് റസാഖ് പാലേരി പറഞ്ഞു.

Similar News