ഭരണാധികാരികളെ പുറത്താക്കുന്ന ബില്‍: പ്രതിപക്ഷ സര്‍ക്കാരുകളെ തകര്‍ക്കാനുള്ള ബി.ജെ.പി നീക്കം - റസാഖ് പാലേരി
തിരുവനന്തപുരം: അറസ്റ്റിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികള്‍ 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടപ്പെടുമെന്ന ബിജെപി ഭരണകൂടത്തിന്റെ വിവാദ ബില്ല് പ്രതിപക്ഷ സര്‍ക്കാരുകളെയും രാഷ്ട്രീയ നേതാക്കളെയും തകര്‍ക്കാനുള്ള ബിജെപിയുടെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.
ഭരണഘടന ആര്‍ട്ട 75-ാം ഭേദഗതി ബില്‍ സാമൂഹ്യമായി പ്രിവിലേജുള്ളവര്‍ക്കും രാഷ്ട്രീയമായി അധികാരമുള്ളവര്‍ക്കും തങ്ങളല്ലാത്തവരെ പുറത്താക്കാനുള്ളതാണ്. 5 കൊല്ലമോ അതിലധികമോ ശിക്ഷിക്കാവുന്ന കുറ്റകൃത്യത്തില്‍ 30 ദിവസം തടവിലാക്കപ്പെട്ടാല്‍ അവരെ പുറത്താക്കുന്നതിന് ഗവര്‍ണര്‍ക്കും രാഷട്രപതിക്കും അധികാരം നല്‍കുന്ന ആര്‍ട്ടിക്കള്‍ 75 -ാം ഭേദഗതിയാണ് മോദി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ കൊണ്ടുവന്നിരിക്കുന്നത്.
രാഷ്ട്രപതിക്കും ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലാത്ത ഗവര്‍ണര്‍ക്കും ജനങ്ങള്‍ തെരഞ്ഞെടുത്തവരെ പുറത്താക്കാനുള്ള അധികാരം നല്‍കുന്നത് ജനാധിപത്യത്തെയും ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെയും തകര്‍ക്കലും ആര്‍.എസ്.എസിന്റെ സവര്‍ണാധിപത്യത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കലാണ്.
ഇപ്പോള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു മേല്‍ കേന്ദ്രം നിശ്ചയിക്കുന്ന ഗവര്‍ണര്‍മാര്‍ കേന്ദ്ര ഗവണ്‍മെന്റിനും ആര്‍.എസ്. എസിനും വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തി കൊണ്ടിരിക്കുകയാണ്. ഭരണഘടന മുന്നോട്ട് വെക്കുന്ന ഫെഡറല്‍ സംവിധാനത്തെ റദ്ദ് ചെയ്യുന്ന ഈ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.