വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓഫിസ് കൊച്ചിയില്‍ ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു

Update: 2025-08-05 12:08 GMT

കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓഫീസ് കൊച്ചിയില്‍ ഹൈബി ഈഡന്‍ എംപി ഉത്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രഡിഡന്റ് ഡോ ബാബു സ്റ്റീഫന്‍, സെക്രട്ടറി ജനറല്‍ ഷാജി മാത്യു, ട്രഷറര്‍ സണ്ണി വെളിയത്ത്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തങ്കം അരവിന്ദ്, തങ്കമണി ദിവാകരന്‍, വുമണ്‍സ് ഫോറം പ്രസിഡന്റ് ഷീല റെജി, ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡര്‍ ജോസ് കൊലത്ത്, അലക്‌സ് വിളനിലം, ഇന്ത്യ റീജിന്‍ പ്രസിഡന്റ് പദ്മകുമാര്‍ നായര്‍ , സുജിത്ത് ശ്രീനിവാസന്‍,യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ റെജി , വുമണ്‍സ് ഫോറം ചെയര്‍ സലീന മോഹന്‍ അടക്കം ലോകമെമ്പാടുമുള്ള 100-ലധികം അംഗങ്ങള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

ബാങ്കോക്കില്‍ നടന്ന ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതിയെ ചടങ്ങില്‍ അഭിനന്ദിച്ചു. ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റായി, തോമസ് മൊട്ടക്കല്‍ ചെയര്‍മാനായി നേതൃത്വം ഏറ്റെടുത്ത പുതിയ കമ്മിറ്റി ഒരു ആഴ്ചക്കുള്ളില്‍ അധികാരമേല്‍ക്കും. കേരളത്തില്‍ ആദ്യമായി WMC ഓഫീസ് തുടങ്ങുവാനായത് ചരിത്രപരമായ നേട്ടമാണെന്ന് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷന്‍ ജെയിംസ് കൂടല്‍ പറഞ്ഞു

ഈ ഓഫീസ്, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമാക്കും. WMC അംഗങ്ങള്‍ക്ക് എത്തിച്ചേരാവുന്ന ഒരു ഹബ്ബായി ഇവിടം മാറുമെന്നും ജെയിംസ് കുടല്‍ പറഞ്ഞു.

കണ്‍വെന്‍ഷനിന് ശേഷം പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, ജനറല്‍ സെക്രട്ടറി ഷാജി മാത്യുവും, സുരേന്ദ്രന്‍ കണ്ണാട്ടും നേപ്പാളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ എംബസി ഉദ്യോഗസ്ഥരുമായും, പ്രദേശത്തെ പ്രധാനപ്പെട്ട മലയാളികളുമായി, വ്യവസായ വകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. നേപ്പാളില്‍ ഒരു പുതിയ പ്രൊവിന്‍സ് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുപോലെ അവിടെയുള്ള മലയാളികളുടെ പ്രശ്‌നങ്ങളും, നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകമാകെയുള്ള എല്ലാ രാജ്യങ്ങളിലും WMC-യുടെ പ്രൊവിന്‍സുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്.

അതിനോടൊപ്പം, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ഭൂമി വാങ്ങി ഒരു ഗ്ലോബല്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.വിദേശത്ത് നഴ്‌സിംഗ് പഠനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കോടി സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 100 പേര്‍ക്ക് ഓരോരുത്തരിലും ഒരു ലക്ഷം വീതം നല്‍കും. ഒരു സെലക്ഷന്‍ കമ്മിറ്റി ഇതിനായി രൂപീകരിക്കും. ആറുമാസത്തിനുള്ളില്‍ തുക വിതരണം ചെയ്യാനാണ് ലക്ഷ്യം.

അടുത്ത ദ്വൈവാര്‍ഷിക കണ്‍വെന്‍ഷന്‍ അമേരിക്കയില്‍ വച്ച് വിപുലമായി നടത്താനും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രതിച്ഛായ ലോകവ്യാപകമായി ഉയര്‍ത്തിക്കാണിക്കാനുമാണ് WMCയുടെ ലക്ഷ്യം.

'നമുക്ക് ശക്തമായ കൂട്ടായ്മയും, ദൃഢനിശ്ചയവുമുണ്ട്. മലയാളിയെയും മലയാള ഭാഷയെയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി അടുത്ത രണ്ടുവര്‍ഷം കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും അതുവഴി WMCയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.

Similar News