വേള്‍ഡ് പീസ് മിഷന്റെ ചാരിറ്റി ഹൗസിംഗ് പ്രോജക്ട് :- ആദ്യ ഭവനം കൈമാറി

Update: 2025-08-05 12:17 GMT

തിരുവനന്തപുരം: അഗതികളും അതി ദരിദ്രരുമായ വിധവകള്‍ക്ക് കേരളത്തിലെ ഓരോ ജില്ലയിലും 10 വീടുകള്‍ വീതം കേരളമാകെ 140 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കുന്ന വേള്‍ഡ് പീസ് മിഷന്‍ പീസ് ഹോം പ്രോജക്റ്റിന്റെ ആദ്യ ഭവനം ജൂലൈ 27ന് കാട്ടാക്കട തൂങ്ങാംപാറ മാവ് വിളയില്‍ ജ്ഞാനാംബികയ്ക്ക് നല്‍കി താക്കോല്‍ദാന കര്‍മ്മം ഡോ.സണ്ണി സ്റ്റീഫന്‍ നിര്‍വഹിച്ചു. 2025 മാര്‍ച്ച് 9ന് തിരുവനന്തപുരം മാര്‍ത്തോമ ബിഷപ്പ് ഐസക് മാര്‍ ഫിലോക്‌സിനോസ് തറക്കല്ലിട്ട് ആരംഭിച്ച ഭവന നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി.

മൂന്ന് ബെഡ്‌റൂമോടു കൂടിയ ഭവനത്തിന്റെ നിര്‍മ്മാണച്ചിലവ് യുഎസ് വേള്‍ഡ് പീസ് മിഷന്‍ സ്‌പോണ്‍സര്‍ ചെയ്തതാണ്. വേള്‍ഡ് പീസ് മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ ഫിലിപ്പ് ജോസഫ്. സിജി ഫിലിപ്പ്. വേള്‍ഡ് പീസ് മിഷന്‍ തിരുവനന്തപുരം മാനേജര്‍ ബീന അജിത്ത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്യാമ, ഉഷശ്രീ മേനോന്‍, ഷീല എബ്രഹാം, വിമല്‍ സ്റ്റീഫന്‍ ഭൂമിദാനം ചെയ്ത കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.യുഎസ് വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ നിന്ന് എത്തിച്ച വസ്ത്രങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു.

ആദ്യ ഭവനത്തിന്റെ താക്കോല്‍ദാനത്തിന് ശേഷം തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപന കര്‍മ്മം വേള്‍ഡ് പീസ് മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ്അംഗം ഫിലിപ്പ് ജോസഫ് നിര്‍വഹിച്ചു. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ.സണ്ണി സ്റ്റീഫന്‍, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, മെമ്പര്‍ രാഹുല്‍ താഴേക്കര മറ്റു വിവിധ സംഘടനകളുടെ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലുടനീളം ഇതേവരെ 4 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം (അഞ്ചല്‍ ) പത്തനംതിട്ട (കോന്നി), കോട്ടയം (കല്ലമ്പാറ) എന്നിവിടങ്ങളിലാണ് ഭവനങ്ങള്‍ പൂര്‍ത്തിയായത്.

ഡോ. അജു ഡാനിയേല്‍ കൊല്ലത്തും,ഡോ.വര്‍ഗീസ് ആന്റണി പത്തനംതിട്ടയിലും,ഫിലിപ്പ് ജോസഫ് കോട്ടയത്തും വീടുകളുടെ നിര്‍മ്മാണ ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്തു.എറണാകുളം ഇടുക്കി മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ പുതിയ ഭവനങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2026 ഡിസംബറിനു മുന്‍പ് 140 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുവാനുള്ള ദൗത്യത്തിലാണ് വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍.

സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലാസുകള്‍, കുടുംബ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് സൗകര്യം, വിവിധ ജില്ലകളില്‍, അന്നദാന പദ്ധതി, വിദ്യാഭ്യാസ ധനസഹായം, ചികിത്സാധന സഹായം, വിവാഹ ധനസഹായം, തുടങ്ങിയ ഒട്ടേറെ സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേള്‍ഡ് പീസ് മിഷന്‍ സജീവമാണ്.

Similar News