ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കമായി
ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പുസ്തകോത്സവം സാഹിത്യകാരന്‍ ജി. ആര്‍ ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെ ജെ മാക്‌സി എം എല്‍ എ, ബെന്യാമിന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ടും യുവധാര മാസിക ചീഫ് എഡിറ്ററുമായ വി വസീഫ്, മാനേജര്‍ എം ഷാജര്‍, യുവജനക്ഷേമബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ.ആര്‍ രഞ്ജിത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.
ജനുവരി 9, 10, 11, 12 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് നടക്കുന്ന രണ്ടാമത് യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വ്യാഴാഴ്ച വൈകിട്ട് 5 ന് ജ്ഞാനപീഠം ജേതാവ് ദാമോദര്‍മോസോ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രിയും എംപിയും കവയത്രിയുമായ കനിമൊഴി കരുണാനിധി മുഖ്യാതിഥിയാവും. എം മുകുന്ദന്‍, വിവേക് ഷാന്‍ബാഗ്, എന്‍ എസ് മാധവന്‍ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ അതിഥികളായി പങ്കെടുക്കും.
തുടര്‍ന്ന് ആദ്യ സെഷനില്‍ 'എം.ടി.കാലത്തിന്റെ ഇതിഹാസം' എന്ന വിഷയത്തില്‍ എന്‍ എസ് മാധവന്‍, എം മുകുന്ദന്‍, ബെന്യാമിന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഡോ.എ.കെ. അബ്ദുള്‍ ഹക്കിം മോഡറേറ്ററാവും. രണ്ടാം സെഷനില്‍ 'ദ്രവീഡിയന്‍ റെസിലിയന്‍സ് ആന്‍ഡ് ദ ഫെഡറല്‍ സൗത്ത്' എന്ന വിഷയത്തില്‍ കനിമൊഴി കരുണാനിധി എം പി, കെ കെ ഷാഹിനയുമായി സംസാരിക്കും. മൂന്നാം സെഷനില്‍ 'ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളും കേരളത്തിലെ പ്രതിരോധ സാധ്യതകളും' എന്ന വിഷയത്തില്‍ മുരളി തുമ്മാരുകുടി സംസാരിക്കും. ദിലീഷ് ഇ. കെ ആമുഖഭാഷണം നടത്തും. തുടര്‍ന്ന് തകര ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും.
നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ കലാ, സാഹിത്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ അണിനിരക്കും. നാല് വേദികളിലായി 82 സെഷനുകളില്‍ 250ലധികം അതിഥികള്‍ പങ്കെടുക്കും. ഏറ്റവും പുതിയ കാലത്തെ അഭിസംബോധന ചെയ്തുകൊണ്ട് 'Gen-z കാലവും ലോകവും' എന്ന ആശയവുമായാണ് യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം അദ്ധ്യായം സംഘടിപ്പിക്കുന്നത്.