മലയാളം വിനോദ ചാനല്‍ രംഗത്തെ എക്കാലത്തെയും നമ്പര്‍ വണ്‍ ചാനല്‍; അംബാനി ഏറ്റെടുത്തതോടെ ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; 80 പേര്‍ക്ക് നോട്ടീസ് നല്‍കി; പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളം നഷ്ടപരിഹാരം; ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നത് മലയാളത്തില്‍ ആദ്യം
ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍
കൊച്ചി: മലയാളം മാധ്യമ രംഗത്തേക്ക് വന്‍കിട കോര്‍പ്പറേറ്റുകള്‍ ചുവടുവെച്ചു തുടങ്ങിയിട്ട് അധികകാലം ആയില്ല. പ്രാദേശികമായി തുടര്‍ന്ന് രാജ്യത്തെ മുന്‍നിര വിനോദ ചാനലായി വളര്‍ന്ന ഏഷ്യാനെറ്റ് ഇപ്പോള്‍ മുകേഷ് അംബാനി നേതൃത്വം കൊടുക്കുന്ന റിലയന്‍സിന്റെ പക്കലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ കീഴിലുള്ള ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള ലയനമാണ് പൂര്‍ത്തിയായത്. ഇതോടെ പുതിയ കമ്പനിക്ക് കീഴില്‍ എത്തിയ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ കൂട്ടപ്പിരിച്ചു വിടലാണ് നടക്കുന്നത്.
വന്‍തോതിലുള്ള പിരിച്ചുവിടല്‍ നടപടികള്‍ക്ക് ചാനല്‍ തുടക്കമിട്ടു കഴിഞ്ഞു. മലയാളത്തില്‍ ഇതാദ്യമാകും മാധ്യമ മേഖലയില്‍ ഇത്ര വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ 80തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആദ്യഘട്ടത്തില്‍ നോട്ടീസ് കൈപ്പറ്റിയ 80ല്‍ 60 പേര്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ നിന്നാണ്. ശേഷിച്ച 20 പേര്‍ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ്. പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ഈ തുക നല്‍കുന്നത്. പിരിച്ചുവിടലാണെങ്കിലും നല്ല പാക്കേജില്‍ വേണമെന്ന നിലപാടിലാണ് കമ്പനി.
പിരിഞ്ഞു പോകുന്ന ഓരോരുത്തര്‍ക്കും ശരാശരി 15 ലക്ഷം രൂപ ലഭിക്കുമെന്നാണ് വിവരം. മാര്‍ച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നല്കിയിരിക്കുന്നത്. വന്‍തോതിലുള്ള പിരിച്ചുവിടല്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ ചാനലിലേക്ക് എത്തിയതോടെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് രൂപം കൊണ്ടിരിക്കുന്നത്. കാലങ്ങലായി ചാനലില്‍ ജോലി ചെയ്തുവരുന്നവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. എന്നാല്‍, കോര്‍പ്പറേറ്റ് ലൈനില്‍ കാര്യങ്ങള്‍ നീങ്ങുന്നതിനാല്‍ ജീവനക്കാര്‍ക്ക് മുമ്പില്‍ മറ്റു വഴികളുമില്ല. അടുത്തിടെ സീ കേരളയിലും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
2019 മുതല്‍ ഡിസ്‌നി -സ്റ്റാര്‍ ഉടമസ്ഥതയിലായിരുന്നു ഏഷ്യാനെറ്റ്. കഴിഞ്ഞ വര്‍ഷം ഡിസ്‌നി -സ്റ്റാര്‍ കമ്പനിയെ റിലയന്‍സ് ഉടമസ്ഥതയിലുള്ള ജിയോ സ്റ്റാര്‍ ഏറ്റെടുത്തതോടെ ഏഷ്യാനെറ്റ് വിനോദ ചാനലും അതിന്റെ ഭാഗമായി മാറി. ജിയോ സ്റ്റാറിനെ നിതാ മുകേഷ് അംബാനി ചെയര്‍പേഴ്സണായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്. ഏഷ്യാനെറ്റിന്റെ ഭാഗമായ ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയിലേക്കും ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടന്നേക്കും.
റഷ്യയിലെ മലയാളി വ്യവസായിയായിരുന്ന റെജി മേനോന്‍ 1993ല്‍ സ്ഥാപിച്ചതാണ് ഏഷ്യാനെറ്റ് ടിവി ചാനല്‍. അക്കാലത്ത് വിനോദവും വാര്‍ത്തയും ചേര്‍ത്ത് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന ഒറ്റ ചാനലായിരുന്നു. 2006 അവസാനത്തോടെ റെജി മേനോന്‍ ബംഗലൂരുവിലെ വ്യവസായിയും ബിപിഎല്‍ കമ്പനി ഡയറക്ടറുമായ രാജീവ് ചന്ദ്രശേഖറിന് (ജൂപ്പിറ്റര്‍ എന്റര്‍ടൈന്‍മെന്റ് വെഞ്ച്വേഴ്സ്) ചാനല്‍ കൈമാറി.
2006ല്‍ ഏഷ്യാനെറ്റിന്റെ 51% ഓഹരികള്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്റ്റാര്‍ ഇന്ത്യ വാങ്ങി. പിന്നാലെ 2008ല്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക കമ്പനിയായി. വിനോദ ചാനല്‍ സ്റ്റാറിന്റെ കീഴിലായി. ന്യൂസ് ചാനലിന്റെ ഉടമസ്ഥത രാജീവിനുമായി. 2014ല്‍ വിനോദ ചാനലിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം സ്റ്റാര്‍ ഇന്ത്യക്കായി. 2019ല്‍ സ്റ്റാറിന്റെ ഓഹരികള്‍ വാള്‍ട്ട് ഡിസ്‌നി വാങ്ങിയതോടെ ഡിസ്‌നി സ്റ്റാര്‍ സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ്.
സ്റ്റാര്‍ ഇന്ത്യയുമായി ലയനത്തിന് ശേഷം 70,352 കോടി രൂപയുടെ പുതിയ സംയുക്തകമ്പനിയാണ് നിലവില്‍ വന്നത്. ലയനശേഷം സംയുക്തകമ്പനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിയന്ത്രിക്കും. നിതാ മുകേഷ് അംബാനിയാകും സംയുക്തകമ്പനിയുടെ ചെയര്‍പേഴ്‌സണ്‍. രാജ്യത്തെ പ്രധാന മാധ്യമബ്രാന്‍ഡുകളെ ഒരുകുടക്കീഴിലാക്കുന്നതായിരുന്നു ഈ ലയനം.
സ്റ്റാര്‍, കളേഴ്‌സ് ടെലിവിഷന്‍ ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഒന്നിച്ചണിനിരക്കുന്നത്. നൂറിലധികം ടെലിവിഷന്‍ ചാനലുകളാണ് പുതിയയ കമ്പനിക്ക് കീഴില്‍ പ്രവര്ത്തിക്കുന്നത്. സംയുക്തകമ്പനിയുടെ ഭാവി വളര്‍ച്ച മുന്‍നിര്‍ത്തി റിലയന്‍സ് 11,500 കോടിയുടെ നിക്ഷേപംനടത്തും. ഒരു വശത്ത് കമ്പനിയെ വളര്‍ത്താനുള്ള നടപടികള്‍ മുന്നോട്ടു പോകുമ്പാഴാണ് ഏഷ്യാനെറ്റിലേക്ക് അടക്കം പിരിച്ചു വിടല്‍ നടപടികളും ഉണ്ടായിരിക്കുന്നത്.