'ഓൾ ഈസ് വെൽ'; ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി രാജ്കുമാർ ഹിരാനിയും ആമിർ ഖാനും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ
മുംബൈ: ആഗോളതലത്തിൽ നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയും ചെയ്ത ആമിർ ഖാൻ ചിത്രം 'ത്രീ ഇഡിയറ്റ്സി'ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകൻ രാജ്കുമാർ ഹിരാനിയും ആമിർ ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഒന്നാം ഭാഗത്തിലെ പ്രധാന താരങ്ങളായ കരീന കപൂർ, ആർ. മാധവൻ, ഷർമൻ ജോഷി, ബോമൻ ഇറാനി എന്നിവരും അണിനിരക്കും. 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
സിനിമാ ലോകത്ത് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റിന്റെ തിരക്കഥ പൂർത്തിയായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആദ്യ ചിത്രത്തിന്റെ മാന്ത്രികതയും രസകരവും വൈകാരികവും അർത്ഥവത്തായതുമായ അനുഭവവും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മുൻ ചിത്രത്തെക്കാൾ മികച്ചതാക്കാനുള്ള നിർബന്ധമുണ്ടെന്ന് രാജ്കുമാർ ഹിരാനി നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സഹ തിരക്കഥാകൃത്ത് അഭിജാത് ജോഷിയുമായി ചേർന്നാണ് ഹിരാനി രണ്ടാം ഭാഗത്തിൻ്റെ രചന നിർവഹിച്ചത്.
2009-ൽ പുറത്തിറങ്ങിയ 'ത്രീ ഇഡിയറ്റ്സ്' 55 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച് ഇന്ത്യയിൽ നിന്ന് 202 കോടി രൂപയും ആഗോളതലത്തിൽ ഏകദേശം 400 കോടി രൂപയും നേടിയിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിലും, നിരവധി ഹോളിവുഡ് താരങ്ങൾക്കിടയിലും ചിത്രം പ്രിയപ്പെട്ടതായിരുന്നു. ചൈനയിൽ ആമിർ ഖാന് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തതും ഈ ചിത്രമാണ്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായിരിക്കും രണ്ടാം ഭാഗം. തമിഴിൽ വിജയ് നായകനായി എത്തിയ റീമേക്കും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.