ഖാന്‍മാര്‍ ഒരുമിക്കുന്ന ചിത്രം അണിയറയില്‍; ഒരു നല്ല തിരക്കഥക്ക് വേണ്ടി കാത്തിരിക്കുകയാണ്; ഉടന്‍ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആമിര്‍ഖാന്‍
ഖാന്‍മാര്‍ ഒരുമിക്കുന്ന ചിത്രം അണിയറയില്‍
മുംബൈ: ബോളിവുഡിലെ ഹിറ്റ്‌മേക്കേഴ്‌സാണ് ഖാന്‍മാര്‍. മൂന്ന് ഖാന്‍മാരും ഒരുമിക്കുന്ന ചിത്രം ആരാധകരുടെ വലിയ ആഗ്രഹമാണ്. അത്തരമൊരു കൂട്ടുകെട്ട് എന്നുണ്ടാകും എന്നാണ് അറിയേണ്ടത്. ഷാറൂഖ്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ആമര്‍ഖാന്‍ രംഗത്തുവന്നു.
ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഓണ്‍സ്‌ക്രീനില്‍ ഏറ്റവുമധികം കാണാന്‍ കാത്തിരിക്കുന്ന കോമ്പോയാണ് ഖാന്‍മാരുടേത്. പ്രേക്ഷകരെ പോലെ താനും അങ്ങനെയൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പറഞ്ഞത്.
'ഏകദേശം ആറു മാസം മുമ്പ് ഞാനും ഷാറൂഖും സല്‍മാനും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. നമ്മള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാനാണ് അവരോട് രണ്ടു പേരോടും പറഞ്ഞത്. അതിന് സല്‍മാനും ഷാറൂഖിനും വിയോജിപ്പ് ഇല്ലായിരുന്നു. സിനിമ ചെയ്യണമെന്നാണ് അവരുടെയും ആഗ്രഹം. ഉടന്‍ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു നല്ല തിരക്കഥക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്'- ആമിര്‍ പറഞ്ഞു.
ഷാറൂഖിനും സല്‍മാനുമൊപ്പം സഹകരിക്കുന്നതിനെക്കുറിച്ച് ആദ്യമായിട്ടല്ല ആമിര്‍ ഖാന്‍ സംസാരിക്കുന്നത്. ഈ വര്‍ഷം ആദ്യം ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് നടന്‍ പറഞ്ഞിരുന്നു. തന്റെ സിനിമ ജീവിതത്തില്‍ അവരോടൊപ്പം( ഷാറൂഖ്, സല്‍മാന്‍) ഒന്നിച്ചില്ലെങ്കില്‍ താന്‍ പ്രേക്ഷകരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും നല്ലൊരു കഥ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ആമിര്‍ പറഞ്ഞിരുന്നു.
ആമിര്‍ ഖാന്‍ അവസാനം സല്‍മാന്‍ ഖാനുമായി സഹകരിച്ചത് ആന്‍ഡാസ് അപ്ന അപ്ന എന്ന ചിത്രത്തിലാണ്. മറുവശത്ത്, കുച്ച് കുച്ച് ഹോത്താ ഹേ, ഹം തുംഹാരേ ഹേ സനം, ട്യൂബ്ലൈറ്റ്, സീറോ, പത്താന്‍, ടൈഗര്‍ 3 തുടങ്ങിയ ഒന്നിലധികം സിനിമകളില്‍ ഷാറൂഖും സല്‍മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.