പ്രശസ്ത ഹോളിവുഡ് നടി മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് മരിച്ച നിലയില്‍; എമര്‍ജന്‍സി മെഡിക്കല്‍സംഘമാണ് നടിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്; മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ്; കരള്‍ മാറ്റ് ശസ്ത്രക്രിയ കഴിഞ്ഞത് അടുത്തിടെ
ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടി മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗിനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടിയുടെ മരണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും, അടുത്തിടെ അവര്‍ക്കു കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് സ്വകാര്യ ഫ്ളാറ്റില്‍ തനിച്ചായിരുന്നു. വീട് ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. 39 വയസ്സായിരുന്നു. പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ടി.വി. സീരിസുകളിലൂടെ ശ്രദ്ധേയയായ മിഷേല്‍ അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിനെത്തുടര്‍ന്ന് ചില ആരോഗ്യപ്രശ്നങ്ങള്‍ നടി അഭിമുഖീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നാംവയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നാലെ ബാലതാരമായി ടി.വി. സീരീസുകളിലും തിളങ്ങി. 'ദി അഡ്വഞ്ചര്‍ ഓഫ് പെറ്റെ ആന്‍ഡ് പെറ്റെ', 'ഹാരിയറ്റ് ദി സ്പൈ' തുടങ്ങിയ സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്തു. 'ബഫി ദി വാംപിയര്‍ സ്ലേയര്‍' എന്ന ടി.വി. സീരിസാണ് നടിയെ ഏറെ പ്രശസ്തയാക്കിയത്. ഇത് കരിയറില്‍ വലിയ ബ്രേക്കായി. പിന്നാലെ ഒട്ടേറെ സീരിസുകളിലും മിഷേല്‍ അഭിനയിച്ചു.