ആടുജീവിതവും, ലാപതാ ലേഡീസും ഒാസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്; യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം 'സന്തോഷ്' ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു
ആടുജീവിതം എന്ന സിനിമയ്ക്കായി എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഓസ്‌കാര്‍ അന്തിമപട്ടികയില്‍ നിന്ന് പുറത്ത്. ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ ആടുജീവിതത്തില്‍ ഗാനങ്ങള്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല.
86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13നാണ് അവസാനിച്ചത്.
അടുത്തിടെ പ്രഖ്യാപിച്ച ഗ്രാമി അവാര്‍ഡിലും ആടുജീവിതം പുറത്താക്കപ്പെട്ടിരുന്നു. ചിത്രത്തിലെ സൗണ്ട് ട്രാക്ക് പട്ടികയില്‍ ഇടം നേടിയിരുന്നില്ല. പുരസ്‌കാര സമിതി നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവാണ് എന്ന കാരണത്താലാണ് ഗാനം ഇടം നേടാതിരുന്നത്.
ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ 'ലാപതാ ലേഡീസ്' ഓസ്‌കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്‌കര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തില്‍ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം 'സന്തോഷ്' ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച 'അനുജ' ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇതിനു മുമ്പ് നിര്‍മിച്ച രണ്ട് ഡോക്യുമെന്ററികള്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു.