'എജ്ജാതി ഒബ്സെർവഷൻ ആണ് പഹയാ ഇത്..'; ബാബ കല്യാണിയെ ഈച്ചക്കോപ്പി അടിച്ച് റിയാസ് ഖാൻ ചിത്രം 'ശ്രീ അയ്യപ്പൻ'; തിരക്കഥാകൃത്ത് ലാലേട്ടൻ ഫാനാണോയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
കൊച്ചി: മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം 'ബാബ കല്യാണി' റിലീസ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ബാബ കല്യാണിയാണ്. അതിന് കാരണമാകട്ടെ അടുത്തിടെ പുറത്തിറങ്ങിയ റിയാസ് ഖാൻ ചിത്രം. ബാബ കല്യാണിയിലെ രംഗങ്ങളും സംഭാഷണങ്ങളും 'ശ്രീ അയ്യപ്പൻ' എന്ന ചിത്രത്തിൽ അതേപടി പകർത്തിയിരിക്കുകയാണെന്നാണ് സിനിമാ പ്രേമികളുടെ കണ്ടെത്തൽ.
ഒരു സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റൊരു സിനിമ ഒരുക്കുന്നത് സ്വാഭാവികമാണെങ്കിലും, സംഭാഷണങ്ങൾ പോലും മാറ്റമില്ലാതെ ഉപയോഗിക്കുന്നത് 'ഭയാനകമായ' കാര്യമാണെന്ന് ആരാധകർ പരിഹസിക്കുന്നു. ബാബ കല്യാണിയിലെയും ശ്രീ അയ്യപ്പനിലെയും സമാന രംഗങ്ങൾ കോർത്തിണക്കിയുള്ള വീഡിയോകൾ ഇപ്പോൾ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു. "എജ്ജാതി ഒബ്സർവേഷൻ ആണ് പഹയാ ഇത്" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സിനിമയുടെ തിരക്കഥാകൃത്ത് ബാബ കല്യാണിയുടെ കടുത്ത ആരാധകനായിരിക്കുമെന്നാണ് ചിലരുടെ പക്ഷം. എന്നാൽ മറ്റു ചിലരാകട്ടെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. 'ബാബ കല്യാണി പോലൊരു സിനിമയുടെ തിരക്കഥ വേണമെന്ന് ചാറ്റ് ജിപിടിയോട് ആവശ്യപ്പെട്ടപ്പോൾ ലഭിച്ച ഫലമാണ് ശ്രീ അയ്യപ്പന്റേത്' എന്നാണ് പ്രധാന പരിഹാസം.
റിയാസ് ഖാനൊപ്പം അനീഷ് രവി, സുധീർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ 'ശ്രീ അയ്യപ്പൻ' സംവിധാനം ചെയ്തിരിക്കുന്നത് വെഞ്ഞാറമൂട് വിഷ്ണുവാണ്. സ്വപ്‌നയും വിഷ്ണുവുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. വർഷങ്ങൾക്കിപ്പുറം ഒരു കൊച്ചു ചിത്രം വഴി പഴയ മോഹൻലാൽ ചിത്രം വീണ്ടും ചർച്ചയായതിന്റെ അമ്പരപ്പിലാണ് ഒരു വിഭാഗം പ്രേക്ഷകർ.