മാസ് ആക്ഷനുമായി ടൊവിനോ തോമസ്; ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ വിഷുദിനത്തിൽ തിയറ്ററുകളിലേക്ക്
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ തിയറ്ററുകളിലേക്ക്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ 15-ന് പ്രദർശനത്തിനെത്തും. 1950-60 കാലഘട്ടത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ അതിജീവനത്തിന്റെ കഥ പറയുന്ന പീരിയഡ് ഡ്രാമ ത്രില്ലറാണിത്.
പ്രഖ്യാപനം മുതൽ തരംഗമായ ചിത്രത്തിൽ ടൊവിനോയുടെ മാസ് ആക്ഷൻ പ്രകടനങ്ങളാണ് പ്രധാന ആകർഷണം. സൂപ്പർഹിറ്റ് ചിത്രം 'എആർഎമ്മി'ലെ മണിയൻ എന്ന കഥാപാത്രത്തെ കടത്തിവെട്ടുന്ന തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളാകും ‘പള്ളിച്ചട്ടമ്പി’യിൽ ടൊവിനോ കാഴ്ചവെക്കുകയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കയാദു ലോഹറാണ് ചിത്രത്തിൽ നായിക.
ക്വീൻ, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ഹിറ്റുകൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്സ് ബിജോയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.