ജാഫർ ഇടുക്കി, അജു വർഗീസ് പ്രധാന വേഷങ്ങളിൽ; അജയ് ഷാജി ഒരുക്കുന്ന ഡാർക്ക് ഹൊറർ ത്രില്ലർ 'ആമോസ് അലക്സാണ്ടർ'; ചിത്രത്തിന്റെ ടീസർ പുറത്ത്
കൊച്ചി: ജാഫർ ഇടുക്കി ടൈറ്റിൽ കഥാപാത്രമായി എത്തുന്ന 'ആമോസ് അലക്സാണ്ടർ' എന്ന ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അജയ് ഷാജി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. അജു വർഗീസ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ചിത്രം നിർമ്മിക്കുന്നത്.
'ആമോസ് അലക്സാണ്ടർ' എന്ന കഥാപാത്രം ജാഫർ ഇടുക്കിയുടെ അഭിനയ ഗ്രാഫ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. കലാഭവൻ ഷാജോൺ, ഡയാന ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവരും പുതുമുഖം താര അമല ജോസഫും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശാന്ത് വിശ്വനാഥൻ, പ്രമോദ് കെ പിള്ള, സിയാൻ ശ്രീകാന്ത്, കോയാസ്, നരസിംഹസ്വാമി, ഫെമിന ജബ്ബാർ എന്നിവർ യഥാക്രമം ഗാനരചന, ഛായാഗ്രഹണം, എഡിറ്റിംഗ്, കലാസംവിധാനം, മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈൻ എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. മിനി ബോയ് സംഗീതം നൽകുന്നു. ജയേന്ദ്ര ശർമ്മ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്.
തൊടുപുഴ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ 'ആമോസ് അലക്സാണ്ടർ' മലയാളത്തിലെ ശ്രദ്ധേയമായ ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രങ്ങളുടെ നിരയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.