സസ്പെൻസ് ക്രൈം ത്രില്ലറുമായി അനൂപ് മേനോൻ; രതീഷ് നെടുമങ്ങാട് ഒരുക്കുന്ന 'ഈ തനിനിറം'; ചിത്രത്തിന്റെ ടീസർ പുറത്ത്; റിലീസ് ഫെബ്രുവരി 13ന്
കൊച്ചി: രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന അനൂപ് മേനോൻ ചിത്രം 'ഈ തനിനിറം' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും. ഒരു സസ്പെൻസ് ക്രൈം ത്രില്ലറായ ചിത്രത്തിന്‍റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. അനൂപ് മേനോൻ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ടീസർ ചിത്രത്തിന്‍റെ ഉദ്വേഗഭരിതവും നിഗൂഢവുമായ സ്വഭാവം വ്യക്തമാക്കുന്നു.
അനൂപ് മേനോനെ കൂടാതെ നോബി, രമേഷ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ, ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അംബിക കണ്ണൻ ബായി തിരക്കഥ ഒരുക്കിയ ചിത്രത്തിന്‍റെ ഗാനങ്ങൾക്ക് അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു എന്നിവർ വരികളെഴുതിയിരിക്കുന്നു.
ബിനോയ് രാജ് കുമാറാണ് സംഗീതം. പ്രദീപ് നായർ ഛായാഗ്രഹണവും അജു അജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അശോക് നാരായൺ കലാസംവിധാനവും റാണാ കോസ്റ്റ്യൂം ഡിസൈനും രാജേഷ് രവി മേക്കപ്പും സാബി ഹംസ സ്റ്റിൽസും കൈകാര്യം ചെയ്യുന്നു. രാജു സമഞ്ജ്സ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ഷാജി വിൻസെന്റ്, സൂര്യ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. ദില്ലി ഗോപൻ ഫിനാൻസ് കൺട്രോളറും പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളറും ആനന്ദ് പയ്യന്നർ എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ്.