'രാക്ഷസ'ന് ശേഷം വിഷ്ണു വിശാൽ നായകനായെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആര്യൻ' ഒക്ടോബർ 31ന് തിയേറ്ററുകളിൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
കൊച്ചി: വിഷ്ണു വിശാൽ നായകനാകുന്ന പുതിയ തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ആര്യൻ' ഒക്ടോബർ 31ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. 'രാക്ഷസൻ' എന്ന സൂപ്പർഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നടനും നിർമ്മാതാവുമായ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസ് കരസ്ഥമാക്കി.
നവാഗതനായ പ്രവീൺ കെ. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'ആര്യൻ' ഒരു പെർഫെക്റ്റ് ക്രൈം സ്റ്റോറി എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രത്തിന്റെ അവതരണം ശുഭ്ര, ആര്യൻ രമേശ് എന്നിവർ നിർവഹിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു വീഡിയോ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി. വിഷ്ണു വിശാൽ, മാനസാ ചൗധരി എന്നിവരാണ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും 'ആര്യൻ' എന്ന് ട്രെയിലർ സൂചന നൽകുന്നു. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആര്യൻ'.
ഹാരിഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജിബ്രാൻ ആണ്. സാൻ ലോകേഷ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം സ്റ്റണ്ട് സിൽവ, പി.സി. സ്റ്റണ്ട്സ് പ്രഭു എന്നിവർ കൈകാര്യം ചെയ്യുന്നു.