'എന്റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ല; നാല് മാസം കൊണ്ട് നടത്തിക്കാമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്; വേദനകൊണ്ട് വീണുപോയി; ആ അപകടത്തെ കുറിച്ച് ആസിഫലി പറയുന്നു

'എന്റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ല;

Update: 2025-01-12 16:57 GMT

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി നടന്‍ ആസിഫലി. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്താണ് അപകടം സംഭവിക്കുന്നതെന്നും ആവേശത്തോടെ സിനിമ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായതെന്നും ആസിഫ് പറഞ്ഞു. രോഹിത് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.

'എന്റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ല. എന്റെ കരിയറിലെ മോശം സമയത്തായിരുന്നു എനിക്ക് അപകടം സംഭവിക്കുന്നത്.നല്ല സമയത്തായിരുന്നെങ്കില്‍ ഇതൊരു അവധി സമയമായി കാണുമായിരുന്നു. വലിയ ആവേശത്തോടെ ഷൂട്ട് നടക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. വേദനകൊണ്ട് ഞാന്‍ വീണുപോയി.

ഡോക്ടറോട് ഇനി എന്ന് ഷൂട്ടിന് പോകാന്‍ കഴിയുമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, നാല് മാസം കൊണ്ട് മോനെ ഞാന്‍ നടത്തിക്കാമെന്നായിരുന്നു. ആറ് മാസത്തിന് ശേഷം ഷൂട്ടിന് പോവാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നോ നാളെയോ പറ്റുമോ എന്ന പ്രതീക്ഷയിലാണ് ഇത് ചോദിച്ചത്. ഈ സമയത്ത് എനിക്ക് പ്രചോദനമായത് ഫുട്ബള്‍ താരം നെയ്മറായിരുന്നു. നെയ്മറിന്റെ കാലിനും പരിക്കേറ്റത് ആ സമയത്തായിരുന്നു. ഞാനും ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ചികിത്സ നേടി. ഇപ്പോള്‍ ശാരീരികമായി പ്രശ്നങ്ങളില്ലെങ്കിലും മാനസികമായി ഒരു പേടിയുണ്ട്.ആ വേദന ഇപ്പോള്‍ വരുമെന്ന് ചെറിയ പേടിയുണ്ട്. അതുകൂടെ തരണംചെയ്ത് ജീത്തു സാറിന്റെ ഷൂട്ട് കഴിഞ്ഞാല്‍ ഉടനെ ഞാന്‍ ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യും'- ആസിഫ് അലി പറഞ്ഞു.

രേഖാചിത്രമാണ് ആസിഫ് അലിയുടെ ഏറ്റവും പുതയ ചിത്രം. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്.മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന രേഖാചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം അനശ്വര രാജനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, സെറിന്‍ ഷിഹാബ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Tags:    

Similar News