ഇതിഹാസ നായകൻ ചാർളി ചാപ്ലിന്റെ കൊച്ചുമകളെ കൊണ്ടുവന്നിട്ടും പടം കൊളുത്തിയില്ലേ?; കണ്ടുമടുത്ത വിശ്വൽസ് എന്നും ചിലർ; ജെയിംസ് കാമെറോൺ ചിത്രം 'അവതാര്‍ 3' ഇതുവരെ നേടിയത്

Update: 2025-12-27 12:06 GMT

പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ ചിത്രം 'അവതാർ 3' ആഗോള ബോക്സ് ഓഫീസിൽ 500 മില്യൺ ഡോളർ (ഏകദേശം 4490 കോടി രൂപ) കളക്ഷൻ നേടി മുന്നേറുകയാണ്. ഈ മാസം 19-ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ബോക്സ് ഓഫീസ് കളക്ഷനിൽ ഒരു നാഴികക്കല്ല് പിന്നിടാൻ ചിത്രത്തിനായി. എന്നാൽ, ഭീമമായ നിർമ്മാണ ചെലവ് കാരണം ചിത്രം ലാഭകരമാവണമെങ്കിൽ ഇനിയും വലിയ തുക നേടേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

400 മില്യൺ ഡോളർ (ഏകദേശം 3592 കോടി രൂപ) ബജറ്റിൽ ഒരുങ്ങിയ 'അവതാർ 3' ഹോളിവുഡിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രങ്ങളിലൊന്നാണ്. പൊതുവെ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് മുടക്കുമുതലിന്റെ ഇരട്ടിയെങ്കിലും നേടിയാലേ ലാഭത്തിലെത്താൻ സാധിക്കൂ. അതനുസരിച്ച്, 'അവതാർ 3' ന് ബ്രേക്ക് ഈവൻ ആവണമെങ്കിൽ ഏകദേശം 1 ബില്യൺ ഡോളർ (ഏകദേശം 8989 കോടി രൂപ) കളക്ഷൻ നേടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നിലവിലെ 500 മില്യൺ ഡോളർ കളക്ഷൻ ഈ ലക്ഷ്യത്തിന്റെ പകുതി മാത്രമാണ്.

ആദ്യ പ്രദർശനങ്ങൾക്കുശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അഗ്രിഗേറ്റർ വെബ്സൈറ്റായ റോട്ടൺ ടൊമാറ്റോസിൽ നിരൂപകർ ചിത്രത്തിന് 66 ശതമാനം സ്കോർ നൽകിയപ്പോൾ, പ്രേക്ഷകരുടെ പ്രതികരണം കൂടുതൽ അനുകൂലമായിരുന്നു. പ്രേക്ഷകരിൽ 91 ശതമാനം പേരും ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി.

'ടൈറ്റാനിക്', 'അവതാർ' തുടങ്ങിയ ലോക സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജെയിംസ് കാമറൂൺ, ജോൺ ലാൻഡൗ എന്നിവർ ലൈറ്റ്സ്റ്റോം എന്റർടെയ്ൻമെന്റ് ബാനറിലാണ് 'അവതാർ 3' നിർമ്മിച്ചത്. ട്വന്റിയത് സെഞ്ച്വറി സ്റ്റുഡിയോസാണ് ചിത്രം വിതരണം ചെയ്തത്. 'അവതാർ' സീരിസ് ചിത്രങ്ങൾക്ക് പൊതുവെ ലോംഗ് റൺ ലഭിക്കാറുണ്ടെന്നതിനാൽ, വരും ആഴ്ചകളിലും ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

Tags:    

Similar News