റീ റിലീസിലും ചരിത്ര കുതിപ്പുമായി ബാഹുബലി; നേട്ടം വിജയ്‌യുടെ ​ഗില്ലിയെ കടത്തിവെട്ടി; ആവേശത്തിൽ ആരാധകർ

Update: 2025-11-13 11:38 GMT

ന്ത്യൻ സിനിമയിൽ പുതിയ ചരിത്രമെഴുതി സംവിധായകൻ എസ്.എസ്. രാജമൗലി ഒരുക്കിയ 'ബാഹുബലി: ദി എപ്പിക്' റീ-റിലീസിലും ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം 51 കോടി രൂപയിലേറെയാണ് ഇതുവരെ നേടിയിരിക്കുന്നത്. റീ-റിലീസിലൂടെ ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ നേട്ടമാണിത്.

തമിഴ് സൂപ്പർതാരം വിജയ് നായകനായെത്തിയ 'ഗില്ലി'യുടെ റീ-റിലീസ് കളക്ഷൻ റെക്കോർഡാണ് 'ബാഹുബലി' മറികടന്നത്. 'ഗില്ലി' റീ-റിലീസിലൂടെ 32.50 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 'ബാഹുബലി: ദി എപ്പിക്' എന്ന പേരിൽ ഒക്ടോബർ 31-നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്. ആദ്യ ഭാഗം റിലീസ് ചെയ്ത് പത്ത് വർഷം തികയുന്നതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഈ പുനരവതരണം.

4K ദൃശ്യമികവോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നൂറിലധികം തിയേറ്ററുകളിലും തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിച്ചു. കേരളത്തിൽ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി: ദി എപ്പിക്' വിതരണത്തിനെത്തിച്ചത്.

2015-ൽ പുറത്തിറങ്ങിയ 'ബാഹുബലി: ദി ബിഗിനിംഗ്', 2017-ൽ റിലീസ് ചെയ്ത 'ബാഹുബലി 2: ദി കൺക്ലൂഷൻ' എന്നിവയും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 'ബാഹുബലി 2' മാത്രം 1,810.60 കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു. വി. വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിൻ്റെ കഥ രചിച്ചത്. എം.എം. കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്.

Tags:    

Similar News