'ചിത്രത്തിൽ എന്റെ അടുത്ത കൂട്ടുകാരനും അഭിനയിക്കുന്നുണ്ട്'; ഡബ്ല്യുഡബ്ല്യുഇ ആക്ഷൻ കോമഡി 'ചത്താ പച്ച'യുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മോഹൻലാൽ; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Update: 2026-01-19 13:48 GMT

കൊച്ചി: ആക്ഷൻ കോമഡി ചിത്രം 'ചത്താ പച്ച - റിങ് ഓഫ് റൗഡീസി'ന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി സൂപ്പർതാരം മോഹൻലാൽ. ചിത്രം ജനുവരി 22 വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മോഹൻലാൽ ഉൾപ്പെട്ട പ്രൊമോ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ഈ വിവരം പുറത്തുവിട്ടത്. ഇതോടെ ചിത്രത്തിൻ്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. പ്രൊമോ വീഡിയോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ചിത്രത്തിൽ തൻ്റെ അടുത്ത കൂട്ടുകാരനും അഭിനയിക്കുന്നുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയതോടെ, മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹം ശക്തമായി. 'വാൾട്ടർ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന. യു/എ 13+ സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കിയ 'ചത്താ പച്ച' സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായരാണ്.

മോഹൻലാലിൻ്റെ അനന്തരവൻ കൂടിയാണ് അദ്വൈത്. അർജുൻ അശോകൻ (ലോക്കോ ലോബോ), റോഷൻ മാത്യു (വെട്രി), വിശാഖ് നായർ (ചെറിയാൻ), ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം - ലിറ്റിൽ), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും സംയുക്തമായാണ് റീൽ വേൾഡ് എൻ്റർടൈൻമെൻ്റിന് രൂപം നൽകിയത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ച്, ട്രെയിലർ ലോഞ്ച് എന്നിവയ്ക്കും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'നെഞ്ചിലെ' എന്ന മെലഡിയും ടൈറ്റിൽ ട്രാക്കും ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

Tags:    

Similar News