'ചിയാനെ മുക്കി കളയല്ലേ..'; ഒടുവിൽ ഷെഡ്യൂൾ പ്രശ്‍നങ്ങളെല്ലാം പരിഹരിച്ചു; തമിഴ് ചിത്രം വീര ധീര സൂരന്‍റെ റിലീസ് ഇന്ന് വൈകിട്ട്; പ്രതീക്ഷയോടെ ആരാധകർ
തമിഴ് സൂപ്പർതാരം ചിയാൻ 'വിക്രം' പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വീര ധീര സൂര. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഉണ്ടായിരുന്ന തടസങ്ങള്‍ എല്ലാം ഇപ്പോൾ പരിഹരിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതോടെ ചിത്രം ഇന്ന് വൈകിട്ടോടെ തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടെയ്‍ന്‍മെന്‍റ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചു.
കുറച്ച് നിയമ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ചിത്രത്തിന്‍റെ റിലീസ് ദിനമായ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന പ്രദര്‍ശനങ്ങള്‍ മുടങ്ങിയിരുന്നു. പിവിആർ, സിനിപൊളിസ് പോലുള്ള പ്രമുഖ തിയറ്റർ ശൃംഖലകൾ ഷെഡ്യൂൾ ചെയ്ത ഷോകൾ നീക്കം ചെയ്യുകയുമുണ്ടായി.
വിക്രത്തിന്റെ വേറിട്ട പ്രകടനം ഉണ്ടാവുമെന്ന് പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുൺകുമാറാണ്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്ലറും ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും വമ്പൻ പരിപാടികളാണ് വീര ധീര സൂരൻ ടീം നടത്തിയത്.ചിത്രത്തിനെ ആരാധകർ വലിയ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്.